കേന്ദ്രാനുമതി ലഭിക്കാതെ മുടങ്ങി കിടക്കുന്ന സിൽവർലൈൻ പദ്ധതിയ്ക്ക് ഇപ്പോഴും മാസത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ചിലവ്. ജില്ലകളിലെ ഓഫീസുകൾ നിലനിർത്താൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. നടക്കുമോയെന്ന് പോലും അറിയാത്ത പദ്ധതിക്ക് വേണ്ടി കോഴിക്കോട് ഓഫീസിൽ ജീവനക്കാരുടെ ശമ്പളം അടക്കം ഇതുവരെ ചെലവായത് 80 ലക്ഷം രൂപയിലധികമാണ്.

28,000 രൂപയാണ് സിൽവർലൈൻ ഓഫീസായി പ്രവർത്തിക്കുന്ന കോഴിക്കോടുള്ള ഇരുനില കെട്ടിടത്തിന് ഒരു മാസത്തെ വാടക. ഇതിന്റെ ഒരു നില പൂര്‍ണമായും ഒഴിച്ചിട്ട നിലയിലാണ് ഇപ്പോഴുള്ളത്. 2021 ഡിസംബര്‍ മുതല്‍ ഇതുവരെ 3,64,000 രൂപ ഓഫീസിന്റെ വാടകയിനത്തില്‍ മാത്രം ചെലവായി. 31,000 രൂപയായിരുന്നു ഓഫീസിൽ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ വാടക. കഴിഞ്ഞ മാസമാണ് ഈ വാഹനം ഒഴിവാക്കിയത്.

ഒരു സ്പെഷല്‍ തഹസില്‍ദാര്‍, രണ്ട് ‍ജൂനിയര്‍ സൂപ്രണ്ടുമാര്‍, ഒരു ക്ലര്‍ക്ക്, ഒരു റവന്യു ഇൻസ്പെക്‌ടർ, ഒരു ഓഫീസ് അസിസ്‌റ്റന്റ് എന്നീ ജീവനക്കാരാണ് അവിടെയുള്ളത്. ഇവരെ റവന്യൂ ഓഫീസുകളിലേക്ക് തിരികെ വിളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. മൂന്നുമാസമായി പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ ശമ്പളം പറ്റുകയാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ. ഫലമോ, സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന സർക്കാരിന് അധിക ബാധ്യതയും.