കൊച്ചി: ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളിൽ പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്യാൻ ഒരു വർഷം കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഏകീകൃത വിവാഹ നിയമം ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കോടതി നിർദേശം നൽകി. ക്രിസ്തീയ മതാചാരപ്രകാരം വിവാഹിതരായവരുടെ വിവാഹമോചന ഹർജി കുടുംബക്കോടതി നിരസിച്ചതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണവും ഉത്തരവും ഉണ്ടായത്.

ക്രിസ്തീയ മതാചാരപ്രകാരം വിവാഹിതരായ യുവതിയും യുവാവും വിവാഹമോചനത്തിനായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആകാത്തതിനാൽ ഇവരുടെ ഹർജി നിരസിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യത്തിൽ സുപ്രധാന നിരീക്ഷിണങ്ങൾ നടത്തിയിരിക്കുന്നത്. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്യാൻ ഒരു വർഷം കാത്തിരിക്കണമെന്നു പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇന്ത്യൻ വിവാഹമോചന നിയമത്തിലെ സെക്ഷൻ 10 എ ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചു. ഇത്തരത്തിലുള്ള ഹർജികൾ നിരസിക്കരുതെന്നും കുടുംബക്കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി.

ക്രിസ്തീയ മതാചാരപ്രകാരം വിവാഹിതരായ ഇരുവരുടെയും ഹർജി അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചക്കകം തീർപ്പാക്കാനും കുടുംബക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ഏകീകൃത വിവാഹ നിയമം ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.