വാഷിങ്ടൺ: ​’മരണ വ്യാപാരി’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടര്‍ ബൗട്ടിനെ റഷ്യയ്ക്ക് വിട്ടുനല്‍കി യു.എസ്. പകരം അമേരിക്കൻ ബാസ്കറ്റ്ബാള്‍ താരം ബ്രിട്ട്‌നി ഗ്രൈനറെ റഷ്യ മോചിപ്പിച്ചു. യു.എ.ഇ.യിലെ അബുദാബിയി ല്‍വെച്ചാണ് തടവുകാരുടെ കൈമാറ്റം നടന്നത്.

നിമിഷങ്ങള്‍ക്ക് മുമ്പ് താന്‍ ബ്രിട്ട്‌നി ഗ്രൈനറുമായി സംസാരിച്ചുവെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യാഴാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.”അവർ സുരക്ഷിതയാണ്. റഷ്യയിൽ അന്യായമായി തടങ്കലിൽ വെച്ചതിന് ശേഷം അസഹനീയമായ സാഹചര്യങ്ങളിൽ തടവിലാക്കിയ ശേഷം അവർ വീട്ടിലേക്ക് മടങ്ങുകയാണ്” -ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിമൻസ് നാഷനൽ ബാസ്കറ്റ്ബോൾ അസോസിയേഷന്‍റെ ഫീനിക്സ് മെർക്കുറിയുടെ താരമായ ഗ്രിനർ (32) ഫെബ്രുവരി 17 നാണ് അറസ്റ്റിലായത്. രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ ബ്രിട്‌നിയെ കഞ്ചാവ് ഓയില്‍ കൈവശം വച്ചതിനാണ് റഷ്യ അറസ്റ്റ് ചെയ്തത്. ഒമ്പത് വര്‍ഷത്തെ തടവിനാണ് ഇവരെ ശിക്ഷിച്ചത്. ഫെബ്രുവരി 24ന് റഷ്യയുടെ യുക്രൈന്‍ അധിനിവേശവും വാഷിങ്ടണും മോസ്കോയും തമ്മിലുള്ള ബന്ധം വഷളായതും ഗ്രൈനറുടെ മോചനം വൈകിപ്പിച്ചു.

അധിനിവേശത്തിനുശേഷം വാഷിങ്ടണും മോസ്കോയും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും ഉയർന്നതും അപൂർവവുമായ ഉദാഹരണങ്ങളിലൊന്നാണ് ഈ കൈമാറ്റം. യു.എ.ഇ പ്രസിഡന്‍റും സൗദി കിരീടാവകാശിയും മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകി. ഗ്രൈനറുടെ മോചനം ഉറപ്പാക്കിയതായി യു.എ.ഇ-സൗദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും ഓവൽ ഓഫിസിൽ നിന്ന് ഗ്രൈനറുമായി ഫോണിൽ സംസാരിച്ചു.