ഇലോൺ മസ്‌ക് ചുമതലയേറ്റപ്പോൾ ട്വിറ്ററിൽ ജോലി നഷ്‌ടപ്പെട്ട രണ്ട് സ്ത്രീകൾ കമ്പനിക്കെതിരെ യുഎസ് കോടതിയിൽ കേസ് ഫയൽ ചെയ്‌തതായി റിപ്പോർട്ട്. പെട്ടെന്നുള്ള കൂട്ട പിരിച്ചുവിടലുകൾ ആനുപാതികമല്ലാത്ത രീതിയിൽ സ്ത്രീ ജീവനക്കാരെ ബാധിച്ചുവെന്ന് ഇവർ അവകാശപ്പെട്ടു. ഇലോൺ മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയതിന് ദിവസങ്ങൾക്ക് ശേഷമാണ് കൂട്ട പിരിച്ചുവിടൽ ആരംഭിച്ചത്. നവംബർ 4ന് പകുതിയോളം ജീവനക്കാരെയാണ് മസ്‌ക് പിരിച്ചുവിട്ടത്. 

എന്നാൽ ഇപ്പോൾ രണ്ട് വനിതാ ജീവനക്കാർ കൂട്ട പിരിച്ചുവിടലിനെതിരെ കേസ് ഫയൽ ചെയ്‌തത്‌ കഴിഞ്ഞ ദിവസമാണ്. പിരിച്ചുവിടലിൽ കമ്പനി വനിതാ ജീവനക്കാരെ ലക്ഷ്യമിട്ടെന്നാണ് ഇവരുടെ ആരോപണം. ട്വിറ്ററിൽ പുരുഷ ജീവനക്കാർ അധികമായിരുന്നിട്ടും പിരിച്ചുവിടൽ നടപടി കൂടുതലും നേരിട്ടത് സ്ത്രീകളാണെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. 

57 ശതമാനം വനിതാ ജീവനക്കാരെ പിരിച്ചുവിട്ടതായി സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്‌ത കേസിൽ ഇവർ ആരോപിക്കുന്നു. സമാന സാഹചര്യം നേരിടുന്ന സ്ത്രീ തൊഴിലാളികൾക്ക് വേണ്ടി ട്വിറ്ററിലെ മുൻ ജീവനക്കാരായ കരോലിന ബെർണൽ സ്ട്രൈഫ്ലിംഗും, വില്ലോ റെൻ ടർക്കലും ചേർന്നാണ് കേസ് ഫയൽ ചെയ്‌തത്‌.