ടെസ്‌ല മേധാവി ഇലോൺ മസ്‌കിന് ഇന്ത്യയിൽ വാഹനങ്ങൾ നിർമ്മിക്കുകയാണെങ്കിൽ മാത്രം സ്വാഗതമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വെള്ളിയാഴ്‌ച പറഞ്ഞു. അജണ്ട ആജ്‌തക്കിൽ സംസാരിച്ച ഗതാഗത മന്ത്രി പറഞ്ഞു, “ഇലോൺ മസ്‌കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും, അദ്ദേഹം ചൈനയിൽ മാത്രം നിർമ്മാണം നടത്തുകയും, ഇന്ത്യയിൽ വിപണനത്തിന് ഇളവ് ആവശ്യപ്പെടുകയും ചെയ്‌താൽ അത് സാധ്യമാകില്ല” ഗഡ്‌കരി വ്യക്തമാക്കി.

“ഏതെങ്കിലും ഇന്ത്യൻ സംസ്ഥാനത്ത് മാത്രമേ അദ്ദേഹം നിർമ്മാണം നടത്തുന്നുള്ളൂ എങ്കിൽ ആവശ്യമായ ഇളവും ആനുകൂല്യങ്ങളും ലഭിക്കും” മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം ഏകദേശം 7.5 ലക്ഷം കോടിയുടെ വിപണിയാണെന്നും ലോകത്തെ ഒന്നാം നമ്പർ മാനുഫാക്ച്ചറിംഗ് ഹബ്ബാക്കി മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

“സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനും ജിഎസ്‌ടിയുടെ പരമാവധി തുക നൽകുന്ന ഏക വ്യവസായം ഓട്ടോമൊബൈൽ വ്യവസായമാണ്. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം 4 കോടി ആളുകൾക്ക് തൊഴിൽ നൽകി വരുന്നുണ്ട്” മന്ത്രി കൂട്ടിച്ചേർത്തു. അജണ്ട ആജ്‌തക്കിൽ നിതിൻ ഗഡ്‌കരി മെഴ്‌സിഡസ്, ഇലക്ട്രിക് കാറുകൾ, ഗുണനിലവാരമുള്ള കേന്ദ്രീകൃത കാറുകൾ എന്നിവയെക്കുറിച്ചും സംസാരിച്ചു.