ഷിംല: ഹിമാചല്‍ പ്രദേശിലെ അടുത്ത മുഖ്യമന്ത്രിയെ പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഒറ്റവരി പ്രമേയം പാസാക്കിയതായി വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഷിംലയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലെ തീരുമാനം. 

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ്, മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിംഗ് സുഖു, സ്ഥാനമൊഴിയുന്ന നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. 

മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിംഗ് ഉന്നത പദവിയില്‍ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഉള്‍പ്പെടെയുള്ള നിരീക്ഷകരുടെ വാഹനങ്ങള്‍ തടയാന്‍ പ്രതിഭ സിംഗിന്റെ അനുയായികള്‍ ശ്രമിച്ചിരുന്നു. സിങ്ങിനെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

മൂന്ന് പേര്‍ ഉന്നത സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതോടെ, താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ തലവനായി ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും നദൗനില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.

‘ഞാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അച്ചടക്കമുള്ള നേതാവും പ്രവര്‍ത്തകനുമാണ്. മുഖ്യമന്ത്രി ആരാകണമെന്നത് തീരുമാനിക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡാണ്. ആ തീരുമാനം അന്തിമമായിരിക്കും.”- സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. .

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച നേതാക്കള്‍ക്ക് പിന്തുണയുമായി പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെയാണ് ചേരിപ്പോര് രൂക്ഷമായത്. സുഖ്വീന്ദര്‍ സിംഗ് സുഖുവിന് പുറമെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രതിഭ സിംഗ്, ഹരോളി എംഎല്‍എ മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി എത്തിയത്. പ്രതിഭ സിംഗ് രജപുത്ര സമുദായത്തില്‍ പെട്ടയാളും മുകേഷ് അഗ്നിഹോത്രി ബ്രാഹ്‌മണനുമാണ്. 

ഹിമാചല്‍ പ്രദേശ് നിയമസഭയിലെ 68ല്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചത്. ഡിസംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും ഹിമാചല്‍ പ്രദേശിന്റെ കോണ്‍ഗ്രസ് ചുമതലയുള്ള രാജീവ് ശുക്ലയും ഗവര്‍ണറെ കണ്ട് പാര്‍ട്ടിയുടെ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിച്ചു.

ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നിരീക്ഷകരും രാജീവ് ശുക്ലയും പ്രതിഭാ സിംഗുമായി അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി.