ഡല്‍ഹി: ഏകീകൃത സിവില്‍ കോഡില്‍ രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ബിജെപി എംപി കിരോഡി ലാല്‍ മീണ. പ്രതിപക്ഷ അംഗങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുകയും നിര്‍ദ്ദിഷ്ട ബില്ലില്‍ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെടുകയും ചെയ്തു.വ്യക്തിനിയമങ്ങള്‍ നിര്‍ത്തലാക്കുന്നതിലൂടെ, വിവാഹം, ദത്തെടുക്കല്‍, അനന്തരാവകാശം, വിവാഹമോചനം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സമുദായങ്ങള്‍ പരിഗണിക്കാതെ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും പൊതുവായ നിയമങ്ങള്‍ കൊണ്ടുവരാനാണ് യൂണിഫോം സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്.
മീണ ഉപരിസഭയില്‍ അവതരിപ്പിച്ച ബില്‍, യൂണിഫോം സിവില്‍ കോഡ് തയ്യാറാക്കാന്‍ ഒരു പാനല്‍ രൂപീകരിക്കാനാണ് ആവശ്യപ്പെടുന്നത്. രാജ്യത്തുടനീളം ഈ ബില്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മീണ ബില്‍ അവതരിപ്പിച്ചത്. ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കാന്‍ ദേശീയ പരിശോധന-അന്വേഷണ സമിതി രൂപീകരിക്കണമെന്നും ഭരണഘടന ബില്ലില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഐ, സിപിഐ (എം) പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിന്റെ അവതരണത്തെ എതിര്‍ക്കുകയും ഇത് രാജ്യത്തെ സാമൂഹിക ഘടനയെയും നാനാത്വത്തില്‍ ഏകത്വം എന്നതിനെ തകര്‍ക്കാനുള്ള ശ്രമമായി കണക്കാക്കുകയും ചെയ്തു. ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. 63 പേര് അനുകൂലിച്ചും 23 പേര് എതിര്‍ത്തുമാണ് ബില്‍ പാസായത്.