ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതോടെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്ക് നേര്‍ പോരാട്ടമായിരിക്കുമെന്ന കാര്യം വ്യക്തമായി. ഗുജറാത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 52 ശതമാനം നേടിക്കൊണ്ടാണ് ഏഴാം തവണയും ബി ജെ പി ഗുജറാത്തില്‍ അധികാരം പിടിച്ചെടുത്തിരിക്കുന്നത്. നരേന്ദ്രമോദിയുടെ റിക്കാര്‍ഡ് ഭേദിച്ചുകൊണ്ട് 182 ല്‍ 156 സീറ്റ് നേടിക്കൊണ്ടാണ് ബി ജെ പി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.

അതേ സമയം ഹിമാചല്‍ പ്രദേശിലെ ആധികാരിക വിജയം പ്രതിപക്ഷനിരയില്‍ കോണ്‍ഗ്രസിന്റെ നില കുറേക്കൂടി ഭദ്രമാക്കി. ഇതോടെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ മുന്നണിയെ കോണ്‍ഗ്രസ് നയിക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ പ്രതിപക്ഷ ഐക്യത്തിന്റെ നായക സ്ഥാനത്ത് കോണ്‍ഗ്രസ് തന്നെയായിരിക്കും. അതോടൊപ്പം ആം ആദ്മി പാര്‍ട്ടികൂടി പ്രതിപക്ഷ നിരയിലേക്ക് വരാനുള്ള സാധ്യത തെളിയുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ഡി എം കെ , ശിവസേന, എന്‍ സി പി, ജനതാദള്‍ യുണൈറ്റഡ്, രാഷ്ട്രീയ ജനതാദള്‍, തെലുങ്കാനാ രാഷ്ട്ര സമതി തുടങ്ങിയ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിപക്ഷ നിര രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇടതു പക്ഷത്തിന്റെ പിന്തുണയും ഇതിനുണ്ടായേക്കും. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോയാത്രക്ക് ശേഷം പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ഇതിനായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.

ഹിമാചല്‍ പ്രദേശിലെ വിജയം കോണ്‍ഗ്രസിന് പുതുജീവന്‍ പകര്‍ന്നിരിക്കുകയാണ്. 2023 ല്‍ പത്ത് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നാണ് സൂചനയെങ്കിലും മധ്യപ്രദേശിലും കര്‍ണ്ണാടകയിലും ചത്തീസ് ഗഡിലും കോണ്‍ഗ്രസ് വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുകയാണ്. അതോടൊപ്പം തെലങ്കാനയില്‍ ടി ആര്‍ എസുമായി ചേര്‍ന്ന് മല്‍സരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മിസോറാം മേഘാലയ തൃപുര നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ വിവിധ സംസ്ഥാന പാര്‍ട്ടികളുമായി ചേര്‍ന്ന് മല്‍സരിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.