രണകക്ഷിയായ ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കി ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ കിങ് മേക്കറായി പ്രിയങ്കാ ഗാന്ധി. ഗുജറാത്തിൽ പാർട്ടി തകർന്നടിഞ്ഞപ്പോഴും കോൺഗ്രസിന് ജീവശ്വാസം നൽകിയത് ഹിമാചലിലെ വിജയമാണ്. ഈ നേട്ടത്തിന്റെ ക്രെഡിറ്റ് മുഴുവൻ സംസ്ഥാനത്ത് പാർട്ടിയുടെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കാണ്. മോദി പ്രഭാവത്തിൽ സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി നാമവശേഷമാകുമ്പോഴും ഹിമാചലിൽ ബി.ജെ.പിയുടെ അധികാരത്തുടർച്ച തടഞ്ഞ് കോൺഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചെത്തിച്ചത് പ്രിയങ്കയുടെ കൊണ്ടുപിടിച്ച പ്രചാരണമാണ്. 

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലാകുകയും സോണിയാ ഗാന്ധി ആരോഗ്യകാരണങ്ങളാൽ മുഴുവൻ സമയ പ്രാചരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തതോടെ ഹിമാചലിൽ പാർട്ടിയെ ഒറ്റയ്ക്ക് തോളിലേറ്റിയത് പ്രിയങ്കയായിരുന്നു. ജനങ്ങളുടെ ആവശ്യമെന്തെന്ന് തിരിച്ചറിഞ്ഞ് വലിയ വാഗ്ദാനങ്ങൾ നൽകിയായിരുന്നു പ്രിയങ്കയുടെ പ്രചാരണം. 10 കാര്യങ്ങൾ മുൻനിർത്തി പ്രിയങ്ക മുന്നോട്ടുവെച്ച പ്രകടന പത്രിക ജനങ്ങൾക്കിടയിൽ ഏറെ ചർച്ചയായി. ഗ്രാമീണർക്ക് ആശ്വാസവും സ്ത്രീകൾക്കും യുവാക്കൾക്കും ഏറെ പ്രതീക്ഷ പകരുന്നതുമായ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ നിറഞ്ഞത്. ഇക്കാര്യങ്ങൾ ഹിമാചലിലെ ഓരോ ഗ്രാമങ്ങളിലേയും സാധാരണക്കാരായ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിൽ പാർട്ടി സംഘടനാ സംവിധാനം വിജയംകണ്ടു. 

ഡൽഹിയിൽ എഎപി പരീക്ഷിച്ചതിന് സമാനമായി 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കും, സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, യുവാക്കൾക്ക് ലക്ഷക്കണക്കിന് ജോലി തുടങ്ങിയ പ്രിയങ്കയുടെ വാഗ്ദാനങ്ങൾ ജനങ്ങൾ ഏറ്റെടുത്തു. അധികാരത്തിലേറിയാൽ ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവും വലിയൊരു വിഭാഗത്തെ കോൺഗ്രസിലേക്ക് അടുപ്പിച്ചു. അധികാരത്തിലുള്ള രാജസ്ഥാൻ, ചത്തീസ്ഗഢ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കിയത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. രണ്ടര ലക്ഷത്തോളം സർക്കാർ ജീവനക്കാരും രണ്ടുലക്ഷത്തോളം പെൻഷൻകാരുമുള്ള സംസ്ഥാനത്ത് കോൺഗ്രസിന്റെ ഈ വാഗ്ദാനം വലിയ ചലനമുണ്ടാക്കി. 

ഹിമാചലിലെ സ്വന്തം വീട്ടിൽ തന്നെ തങ്ങിയായിരുന്നു പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. അതിവേഗത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ഉൾപ്പാർട്ടി കലഹത്തെയും വിമതസാന്നിധ്യത്തേയുമെല്ലാം അതിജീവിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. റാലികളിലും റോഡ് ഷോകളിലും കോൺഗ്രസിന്റെ മുഖമായി പ്രിയങ്ക നിറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാകുമെന്ന് ഓരോ പ്രസംഗവേദിയിലും പ്രിയങ്ക അവരോട് വിശദീകരിച്ചു. അതെല്ലാം ജനങ്ങൾ വിശ്വാസത്തിലെടുത്തു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതും. 

പ്രിയങ്കയുടെ പ്രകടനപത്രികയാണ് സംസ്ഥാനത്ത് ഫലംകണ്ടതെന്ന് ഹിമാചലിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേൽ അഭിപ്രായപ്പെട്ടതും ഇതിനുള്ള തെളിവാണ്. പ്രിയങ്കയുടെ കഠിനാധ്വാനവും വിപുലമായ പ്രചാരണവുമാണ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതെന്ന് പ്രിയങ്കയെ പ്രകീർത്തിച്ച് ഹിമാചലിന്റെ ചുമതലയുള്ള രാജീവ് ശുക്ലയും പറഞ്ഞു. ഹിമാചലിലെ ജനങ്ങൾക്ക് പാർട്ടി നൽകിയ 10 ഉറപ്പുകൾ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയം ഉറപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രവർത്തകരുടെ വിജയാഘോഷത്തിലും ഉയർന്നുകേൾക്കുന്നത് പ്രിയങ്കയ്ക്കുള്ള ആരവങ്ങളാണ്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്തും പ്രവർത്തകർ പ്രിയങ്കയ്ക്കായി ജയ് വിളിച്ചു. 

ബിജെപി ദേശീയ അധ്യക്ഷൻ നഡ്ഡയുടെ മണ്ഡലത്തിൽ ബിജെപിയെ തോൽപ്പിക്കാനായതും പ്രിയങ്കയ്ക്ക് വലിയ നേട്ടമായി. ഒരുവട്ടം കോൺഗ്രസിനെങ്കിൽ അടുത്ത തവണ ബി.ജെ.പിക്ക് അധികാരം നൽകുന്ന രീതിയാണ് 1985 മുതൽ ഹിമാചൽ പിന്തുടർന്നുവരുന്നത്. ആ രീതിക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. മത്സരത്തിനിറങ്ങിയത്. മുൻതിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ആം ആദ്മി പാർട്ടിയുടെ സാന്നിധ്യവും ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. ഡൽഹി വഴി പഞ്ചാബ് കടന്ന എ.എ.പി., ഹിമാചലിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ആ നീക്കം അമ്പേ പരാജയപ്പെട്ടു. കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുകയും ചെയ്തു.