അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്റ്റാർ ക്യാംപയിനിംഗിൽ ഉണ്ടായിരുന്നവരിൽ പ്രമുഖ നേതാവായിരുന്നു രമേശ് ചെന്നിത്തല. പല വേദികളിലും ഹിന്ദി പറഞ്ഞ് അശോക് ഗെഹ്ലോട്ടിനൊപ്പം ചെന്നിത്തല തിളങ്ങി. എന്നാൽ ഫലം വന്നപ്പോൾ സ്റ്റാർ നേതാക്കൾക്കൊന്നും കോൺഗ്രസിന് വോട്ട് നേടിക്കൊടുക്കാൻ സാധിച്ചില്ല. ഉള്ള വോട്ടിംഗ് ശതമാനം കളഞ്ഞുകുളിക്കുകയും ചെയ്തു.

രണ്ടുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മുപ്പതോളം യോഗങ്ങളിലാണ് ചെന്നിത്തല പ്രസംഗിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഇതു ചൂണ്ടിക്കാട്ടി പരിഹാസവും ഉയരുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലായിരുന്നു ഗുജറാത്തിൽ ഇത്തവണ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗാന്ധി കുടുംബം പ്രചാരണ രംഗത്ത് സജീവമല്ലായിരുന്നു. രാഹുൽ ഗാന്ധി രണ്ടു റാലികളിൽ മാത്രമാണ് പങ്കെടുത്തത്.