ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ പാർട്ടിക്ക് മികച്ച വിജയം തന്ന ജനങ്ങളോട് നന്ദി പറയുന്നതായും ഗുജറാത്തിലെ പരാജയം അംഗീകരിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിമാചലിൽ പാർട്ടി വാഗ്ദാനംചെയ്ത എല്ലാ കാര്യങ്ങളും നിറവേറ്റുമെന്നും അദ്ദേഹം പ്രതികരിച്ചു.

”ഇത്രയും മികച്ച വിജയം സമ്മാനിച്ച ഹിമാചൽ ജനതക്ക് നന്ദി പറയുന്നു. നന്നായി അധ്വാനിച്ച കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുകയും ചെയ്യുന്നു. അവരുടെ പ്രവർത്തനമാണ് ഈ വിജയത്തിനു നിദാനം” -രാഹുൽ കൂട്ടിച്ചേർത്തു. ഗുജറാത്തിൽ ജനങ്ങളുടെ അവകാശത്തിനുവേണ്ടിയും രാജ്യത്തിന്റെ മൂല്യങ്ങൾക്കുവേണ്ടിയും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.