ലോകമെമ്പാടും വിവിധ മേഖലകളില്‍ ഇന്ത്യക്കാരുടെ ആധിപത്യം ഏറുകയാണ്. അത് വന്‍കിട കമ്പനികളുടെ സിഇഒമാരായാലും മികച്ച ശതകോടീശ്വരന്മാരുടെ പട്ടികയിലായാലും…ഇത് മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിലും  ഇന്ത്യക്കാരുടെ വലിയ പ്രാതിനിധ്യമുണ്ട്. ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ 2022 പട്ടികയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വനിതകളാണ് ഇടംപിടിച്ചിരിക്കുന്നത്. 

നിര്‍മല സീതാരാമന് നേട്ടം…

ഫോബ്സിന്റെ പട്ടികയില്‍ നിര്‍മല സീതാരാമന്‍ 36-ാം സ്ഥാനത്താണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഒരു സ്ഥാനത്തേക്ക് ഉയര്‍ന്നാണ് നേട്ടം. അതേസമയം, 2020ല്‍ 41-ാം സ്ഥാനത്തും 2019ല്‍ 34-ാം സ്ഥാനത്തുമായിരുന്നു ധനമന്ത്രി.ഈ പട്ടികയില്‍ തുടര്‍ച്ചയായി നാലാം തവണയും നിര്‍മല സീതാരാമന്‍ ആധിപത്യം നിലനിര്‍ത്തി എന്നതാണ് പ്രത്യേകത.

കിരണ്‍ മജുംദാറും ഫല്‍ഗുനി നായറും..

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ വനിതകളാണ് കിരണ്‍ മജുംദാറും ഫല്‍ഗുനി നായറും. ബയോകോണിന്റെ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണാണ് കിരണ്‍ മജുംദാര്‍ ഷാ.  നൈകയുടെ സ്ഥാപകയാണ് ഫല്‍ഗുനി നായര്‍. ഫോബ്‌സ് പട്ടികയില്‍ഈ രണ്ട് ഇന്ത്യന്‍ വനിതകളും യഥാക്രമം 72, 89 സ്ഥാനങ്ങളിലാണ്. 2021-ലെ പട്ടികയില്‍ 88-ാം സ്ഥാനത്തായിരുന്നു ഫല്‍ഗുനി നായര്‍.ഇത്തവണ ഒരു സ്ഥാനം താഴേയ്ക്ക് പോയെങ്കിലും പട്ടികയില്‍ ഇടം നിലനിര്‍ത്താനായി.

പട്ടികയില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാര്‍..

നിര്‍മ്മല സീതാരാമന്‍, കിരണ്‍ മജുംദാര്‍-ഷാ, ഫാല്‍ഗുനി നായര്‍ എന്നിവര്‍ക്ക് പുറമെ
എച്ച്സിഎല്‍ ടെക് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്രയും ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടി. 53-ാം സ്ഥാനത്താണ് റോഷ്‌നി. അതേസമയം, സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളില്‍ 54-ാം സ്ഥാനത്തെത്തി. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടലും പട്ടികയിലുണ്ട്. ലോകത്തെ ശക്തരായ 67-ാമത്തെ വനിതയായാണ് സോമയെ കണക്കാക്കുന്നത്. 

ലോകത്തെ ശക്തയായ സ്ത്രീ..

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നാണ് ലോകത്തിലെ ഏറ്റവും ശക്തയായ വനിതയെന്ന നേട്ടത്തിനുടമ. റഷ്യ-യുക്രൈന്‍ യുദ്ധസമയത്ത് നടത്തിയ കോവിഡ് പ്രതിരോധ നടപടികളാണ് ഫോബ്‌സ്പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഉര്‍സുലയെ സഹായിച്ചത്.കഴിഞ്ഞ വര്‍ഷം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി സ്‌കോട്ട് ആയിരുന്നു ഒന്നാമത്. 

കമല ഹാരിസ് മൂന്നാം സ്ഥാനത്ത്…

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡെയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ലോകത്തിലെ ഏറ്റവും ശക്തയായ മൂന്നാമത്തെ വനിതയായി കണക്കാക്കപ്പെടുന്നു. ഫോബ്സിന്റെ പട്ടികയില്‍ 39 സിഇഒമാരും 10 രാഷ്ട്രത്തലവന്മാരും ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. 11 ശതകോടീശ്വരന്മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ മൊത്തം ആസ്തി 115 ബില്യണ്‍ ഡോളറാണ്.