തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ സ്വന്തം സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്നുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംസ്ഥാനത്ത് ഈ വർഷം തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത് 24 പേരാണ്. നിയമസഭയിൽ മന്ത്രി ചിഞ്ചുറാണി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി പുറത്തു വരികയാണ്. മരണപ്പെട്ടവരിൽ ആറു പേരും പേ വിഷ ബാധയ്ക്ക് എതിരെ വാക്സിനെടുത്തവരായിരുന്നു എന്നുള്ളതാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. പേവിഷ ബാധയ്ക്ക് എതിരെ വാക്സിനെടുത്തവർ തന്നെ വിഷബാധയേറ്റ് മരിക്കുന്നുവെന്നുള്ള ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് വ്യക്തം. 

അതേസമയം സംസ്ഥാനത്ത് ‌പേവിഷ പ്രതിരോധ വാക്സിന് ദൗർലഭ്യമില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയിൽ വാക്സിന് ഗുണനിലവാരമുണ്ടെന്നുള്ള കാര്യവും മന്ത്രി പങ്കുവച്ചു. പി.ഉബൈദുള്ള,​കെ.പി.എ.മജീദ്,​മഞ്ഞളാംകുഴി അലി,​പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവരുടെ ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകി. സെപ്തംബറിൽ മാത്രം സംസ്ഥാനത്താകെ 8355 പേർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ഒക്ടോബറിലിത് 7542 ആയി കുറഞ്ഞുവെന്നും മന്തഎ്രി പറഞ്ഞു. 

തെരുവുനായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് സെപ്തംബർ 20നാണ് ആരംഭിച്ചത്. 11,651 തെരുവ് നായ്ക്കൾക്കും സെപ്തംബർ ഒന്നിന് ശേഷം 3,​38,​938 വളർത്തു നായ്ക്കൾക്കും വാക്സിൻ നൽകി. കേന്ദ്ര പദ്ധതിവിഹിതമുപയോഗിച്ച് റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായാണ് വാക്സിൻ വാങ്ങുന്നത്. ആറ് വർഷത്തിനിടെ 79,859 തെരുവുനായ്ക്കളെയും ഏപ്രിൽ മുതൽ 9001 നായ്ക്കളെയുമാണ് ഇതുവരെ വന്ധ്യംകരിച്ചിട്ടുള്ളത്.സംസ്ഥാനത്ത് നിലവിലുള്ള 18 വന്ധ്യംകരണ കേന്ദ്രങ്ങൾക്ക് പുറമെ 37 എണ്ണംകൂടി ആരംഭിക്കാനാണ് നീക്കമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വന്ധ്യംകരണ ചുമതല കുടുംബശ്രീക്കായിരുന്നെങ്കിലും കോടതി ഉത്തരവിനെ തുടർന്ന് രണ്ടുവർഷമായി നിറുത്തിവച്ചിരിക്കുകയാണ്. ഇത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കാനിടയാക്കിയെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് പാൽവില കൂട്ടിയതിന് വിശദീകരണവും മന്ത്രി നൽകി. കേരളത്തിൽ പാലിൻ്റെ ഉത്പാദനച്ചെലവ് മറ്റ് സംസ്ഥാനങ്ങളെക്കാൾ ഉയരുന്നതിന് കാരണം കാലികളുടെ തീറ്റച്ചെലവാണെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നത് അന്യസംസ്ഥാനങ്ങളിലാണ്.ഇവയുടെ വില വർദ്ധിക്കുമ്പോൾ കാലിത്തീറ്റ വിലയുമുയരുമെന്നും ചിഞ്ചുറാണി നിയമസഭയിൽ ചൂണ്ടിക്കാട്ടി. 

കാർഷികോത്പന്നങ്ങളും അവയുടെ ഉപോത്പന്നങ്ങളും ശാസ്ത്രീയമായി ചേർത്താണ് കാലിത്തീറ്റ നിർമ്മാണം.ക്ഷീരമേഖലയുടെ പുരോഗതിയില്ലാതാക്കുന്ന മറ്റൊരു ഘടകം കാലികളുടെ ചികിത്സാച്ചെലവാണെന്നുള്ള കാര്യവും മന്ത്രി പറഞ്ഞു. മരുന്നിൻ്റെ വിലയും കർഷകരുടെ വീടുകളിലേയ്ക്കുള്ള യാത്രയും ചെലവ് വർദ്ധിപ്പിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിൽ നിന്നും വെെക്കാേൽ എത്തിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ റെയിൽ മാർഗം വൈക്കോലെത്തിക്കുന്ന കാര്യം പരിശോധിച്ചപ്പോൾ വിലയും യാത്രക്കൂലിയും വിപണി വിലയെക്കാൾ ഉയരുമെന്ന് മന്ത്രി പറഞ്ഞു.