തിരുവനന്തപുരം: കെ റെയില്‍-സില്‍വര്‍ ലൈന്‍ പദ്ധതി ഇടതുപക്ഷ സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ പ്രസംഗത്തിലാണ് പിണറായി വിജയന്‍ ഇക്കര്യം അറിയിച്ചത്. അതിരടയാളക്കല്ലുകളിട്ട ഭൂമിയില്‍ ക്രയവിക്രയത്തിന് തടസമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമരക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി. 

ക്രയ വിക്രയത്തിനോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും നിയമസഭയില്‍ വിശദീകരിച്ചു. കരമടയ്ക്കുന്നതിനും തടസമില്ല. സര്‍ക്കാര്‍ ഇങ്ങനെ പറഞ്ഞാലും ജനങ്ങളുടെ അനുഭവം മറിച്ചാണെന്ന് വാദിച്ച പ്രതിപക്ഷം പ്രശ്‌നങ്ങള്‍ അക്കമിട്ട് നിരത്തി. എന്ത് അനുമതി കിട്ടിയാലും സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഭൂമി ഏറ്റെടുപ്പിന് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും പ്രതിപക്ഷം മറുപടി നല്‍കി.