ന്ത്യയില്‍ തുടര്‍ച്ചയായി, ഏറ്റവും കൂടുതല്‍ കാലം ഒരു സംസ്ഥാനം ഭരിച്ച പാര്‍ട്ടിയെന്ന പദവി ഇതുവരെ നിലനിര്‍ത്തിയത് സിപിഎമ്മായിരുന്നു. പശ്ചിമ ബംഗാളിലെ ആ റെക്കോഡിനൊപ്പം മറ്റൊന്നുകൂടി സിപിഎം സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം മുഖ്യമന്ത്രിയായിരുന്നു എന്ന ജ്യോതിബസുവിന്‍റെ പേരിലുള്ള റെക്കോര്‍ഡായിരുന്നു അത്. എന്നാല്‍, ചരിത്രത്തിന്‍റെ അനസ്യൂതമായ ഒഴുക്കില്‍ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുകയാണ്. അതില്‍ ആദ്യത്തേത്, തുടര്‍ച്ചയായി ഒരു സംസ്ഥാനത്തിന്‍റെ അധികാരം നിലനിര്‍ത്തിയെന്ന സിപിഎമ്മിന്‍റെ പേരിലുള്ള റെക്കോര്‍ഡ്, ഗുജറാത്തില്‍ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ബിജെപി മറികടക്കും. 

1977 ല്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ജ്യോതിബസു, തുടര്‍ച്ചയായി അഞ്ചാം തവണയും സംസ്ഥാനത്തിന്‍റെ ഭരണം കൈപ്പിടിയില്‍ ഒതുക്കി. 1972 ല്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ റോയിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്‍ഗ്രസ് 216 സീറ്റില്‍ വിജയിച്ചപ്പോള്‍ ജ്യോതിബസുവിന്‍റെ നേതൃത്വത്തിലിറങ്ങിയ സിപിഎമ്മിന് വെറും 14 സീറ്റ് മാത്രമാണ് ലഭിച്ചത്. ബിശ്വനാഥ് മുഖര്‍ജിയുടെ നേതൃത്വത്തിലിറങ്ങിയ സിപിഐയാകട്ടെ 35 സീറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍, തെട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജ്യോതിബസുവിന്‍റെ നേതൃത്വത്തിലിറങ്ങിയ സിപിഎം റെക്കോഡ് സീറ്റുകളാണ് കൈയടക്കിയത്, 178 സീറ്റ്.  216 സീറ്റ് നേടിയ കോണ്‍ഗ്രസ് ആകട്ടെ വെറും 20 സീറ്റില്‍ ഒതുക്കപ്പെട്ടു. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് പശ്ചിമ ബംഗാളില്‍ പച്ചതൊടാന്‍ കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു ചരിത്രം. 

1982 ലും ജ്യോതിബസു 174 സീറ്റുമായി കരുത്ത് നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസമായി 49 സീറ്റ് നേടാന്‍ കഴിഞ്ഞു. 1987 ലും ലെഫ്റ്റ് ഫ്രണ്ട് ജ്യോതിബസുവിന്‍റെ നേതൃത്വത്തില്‍ 187 സീറ്റുമായി ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസ് 40 സീറ്റുകളിലേക്ക് വീണു. 1991 ലും കരുത്ത് ചോരാതെ നിലനിര്‍ത്തിയ ജ്യോതിബസു പതിനൊന്നാമത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 189 സീറ്റ് നേടി. കോണ്‍ഗ്രസിന് 43 ഉം. 1996 ലും ജ്യോതിബസു സംസ്ഥാനത്തെ ഭരണ സ്വന്തം പാളയത്തിലെത്തിച്ചു. അന്ന് 157 സീറ്റാണ് സിപിഎമ്മിന് നേടാന്‍ കഴിഞ്ഞത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ച തെരഞ്ഞെടുപ്പ് കൂടിയായി 1996 ലെ തെരഞ്ഞെടുപ്പ്. 82 മണ്ഡലങ്ങള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനം മെച്ചപ്പെടുത്തി. 

ഇന്ത്യയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഇതുവരെ തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ് നിലനിര്‍ത്തിക്കൊണ്ട് 25 വര്‍ഷത്തെ തന്‍റെ സുദീര്‍ഘമായ തുടര്‍ഭരണത്തിനൊടുവില്‍ ജ്യോതിബസു അധികാരം ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് കൈമാറിയത് 2001 ല്‍ നടന്ന 13 -മത് സംസ്ഥാന തെരഞ്ഞെടുപ്പോടെയായിരുന്നു.  ബംഗാളില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ക്ക് തുടക്കമിട്ട തെരഞ്ഞെടുപ്പ് കൂടിയായിരുന്നു 2001 ലേത്. കോണ്‍ഗ്രസ്  പ്രണവ് മുഖര്‍ജിയുടെ കീഴില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ട് ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച മമതാ മുഖര്‍ജിയും തെരഞ്ഞെടുപ്പ് കളത്തില്‍ സജീവമായി. ജ്യോതിബസുവില്‍ നിന്നും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത ബുദ്ധദേവ് ഭട്ടാചാര്യ ലെഫ്റ്റ് ഫ്രണ്ടുമായി തെരഞ്ഞെടുപ്പിനെ നേരിട്ടു. 143 സീറ്റിലേക്ക് ലെഫ്റ്റ് ഫ്രണ്ട് ചുരുങ്ങിയപ്പോള്‍ മമതാ ബാനര്‍ജി 60 സീറ്റുമായി പ്രധാനപ്രതിപക്ഷമായി. വീണ്ടും 26 സീറ്റിലേക്ക് കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടു.