അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വലിയ ചാഞ്ചാട്ടമില്ലാതെ നിൽക്കുന്ന പശ്ചാത്തലത്തിൽ റഷ്യയ്ക്ക് മേൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അമേരിക്ക, ആസ്‌ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഉപരോധം ഇന്ത്യയെയും ബാധിക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൽ.

രാജ്യത്ത് ആറു മാസത്തോളമായി ഇന്ധന വില വർദ്ധനയിൽ നിന്ന് എണ്ണക്കമ്പനികൾ ഒഴിഞ്ഞു നിൽക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് ഇതിനു കാരണം. ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ സ്ഥിതിക്ക് ഉത്കണ്ഠയോടെ നോക്കുന്നത് ഇന്ധന വിലയിലെ മാറ്റമാണ്. വില കുറയ്ക്കാനാണ് ആലോചന നടക്കുന്നതെന്നു സൂചനകളുണ്ട്. ഉപഭോക്താക്കൾക്കു ഏറെ സന്തോഷം തരുന്ന വാർത്തയാണിത്.

ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറാണിപ്പോൾ. ബാരലിന് 120 ഡോളറും അതിനു മുകളിലും വില ഉണ്ടായിരുന്നപ്പോൾ ഏർപ്പെടുത്തിയ വിലയാണ് ഇപ്പോഴും പ്രാബല്യത്തിൽ. ക്രൂഡ് വില മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന വിലയിൽ നേരിയ കുറവു വരുത്താൻ കേന്ദ്രം എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചേക്കും. പഴയത് പോലെ ദിവസേന ഇന്ധന വില പുതുക്കുന്ന ജനവിരുദ്ധ നടപടിയിലേക്കു മടങ്ങിയേക്കാം. ഇതിനിടയിൾ യുക്രെയിനിൽ യുദ്ധവും അധിനി വേശവും തുടരുന്ന റഷ്യക്കെതിരെ സമ്പന്ന രാജ്യങ്ങൾ ഉപരോധം കടുപ്പിക്കാൻ ഒരുങ്ങുകയാണ്.

ലോകത്തെ എണ്ണ ഉത്പാദക രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന റഷ്യ ബാരലിന് 60 ഡോളറിൽ കൂടിയ വില ഈടാക്കരുതെന്ന് യൂറോപ്യൻ യൂണിയനും പ്രബല പാശ്ചാത്യ ശക്തികളും ആവശ്യപ്പെട്ടിരിക്കുകയാണ്. വിലക്കു ലംഘിച്ചാൽ ഉപരോധം കടുപ്പിക്കുമെന്നാണു മുന്നറിയിപ്പ്. മുന്നറിയിപ്പ് അപ്പാടെ തള്ളിക്കളഞ്ഞാണ് റഷ്യയുടെ നില്പ്. വന്‍ ശക്തികൾ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഭീഷണിക്കു വഴങ്ങി എണ്ണ വിലയിൽ ഒരു ഡോളർ പോലും കുറയ്ക്കില്ല എന്നാണ് റഷ്യൻ നിലപാട്.

റഷ്യയിൽ നിന്ന് ക്രൂഡ് കൊണ്ട് പോകുന്ന കപ്പലുകളെയും ഇൻഷ്വറൻസ് കമ്പനികളെയും ഒക്കെ യൂറോപൻ യൂണിയനും ഒപ്പം നിൽക്കുന്ന ശക്തികളും വിലക്കിയിട്ടുമുണ്ട്. ഉത്പാദനം കുറയ്‌ക്കേണ്ടി വന്നാലും വിലക്കു ഭീഷണിയുമായി നിൽക്കുന്ന രാജ്യങ്ങൾക്ക് 60 ഡോളറിന് എണ്ണ വിൽക്കില്ലെന്നാണ് റഷ്യയുടെ തീരുമാനം. വിപണി വിലയ്ക്കു എണ്ണ വാങ്ങാൻ തയാറുള്ള രാജ്യങ്ങൾക്ക് അല്പം വിട്ടു വീഴ്ച ചെയ്യാനും റഷ്യ ഒരുക്കമാണ്. എണ്ണ വില്പനയിലൂടെ ലഭിക്കുന്ന അളവറ്റ പണം റഷ്യ യുക്രെയിന്‍ യുദ്ധത്തിനായി ചെലവഴിക്കുന്നു എന്നാണ് പാശ്ചാത്യ ശക്തികളുടെ ആക്ഷേപം. റഷ്യയെ മെരുക്കാനും യുദ്ധം അവസാനിപ്പിക്കാനും വേണ്ടിയാണ് എണ്ണവില പരിധി നിശ്ചയിച്ചതും ഉപരോധ നടപടികളിലേക്കു കടക്കുന്നതും എന്നാണ് അവരുടെ വാദം.

റഷ്യയില്‍ നിന്ന് വൻ തോതിൽ ഇന്ത്യ ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിന്റെ പേരിൽ ചില പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയ്ക്ക് എതിരെയും തിരിയുന്നുണ്ട്. എന്നാൽ സൗഹൃദം നില നിറുത്തുന്ന റഷ്യയിൽ നിന്ന് കിട്ടാവുന്നത്ര ക്രൂഡ് വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഇക്കാര്യത്തിൽ തങ്ങളെ വരുതിയിലാക്കാൻ ആരും വരേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ സന്ദർശനത്തിനെത്തിയ ജർമ്മൻവിദേശകാര്യമന്ത്രിയോട് റഷ്യൻ ക്രൂഡ് ഇറക്കുമതി പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് വിദേശ കാര്യമന്ത്രി ജയശങ്കർ വ്യക്തമാക്കിയിട്ടും ഉണ്ട്. ഇന്ത്യയെപ്പോലെ ചൈനയും പാകിസ്ഥാനും റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുണ്ട്. റഷ്യക്കെതിരായ പുതിയ ഉപരോധ ഭീഷണി ഈ രാജ്യങ്ങളും കാര്യമാക്കുന്നില്ല. എണ്ണ വിപണിക്കു വിലങ്ങിടാൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ശ്രമങ്ങൾ തുടരുന്നതിനിടയിലും ഇപ്പോഴത്തെ അളവിൽ ഉത്പാദനം നില നിലനിർത്താനാണ് ‘ഒപ്പെക്’ തീരുമാനം. പാശ്ചാത്യ ഇടപെടലുകൾ എണ്ണ വിപണിയിൽ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധി മറികടക്കാൻ ‘ഒപ്പെക്’ തീരുമാനം സഹായിക്കും.