ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ 30 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. ‘പാര്‍ട്ടി വിരുദ്ധ’ പ്രവര്‍ത്തനങ്ങളുടെ പേരിലാണു നടപടി.

30 ഭാരവാഹികളെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറു വര്‍ഷത്തേക്കു പുറത്താക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര പ്രാബല്യത്തോടെയാണു നടപടി. ധീരേന്ദ്ര സിങ് ചൗഹാന്‍, സന്തോഷ് ദോഗ്ര, കുല്‍ദീപ് ഔക്ത, അനീഷ് ദിവാന്‍ എന്നിവരുള്‍പ്പെടെ 30 പേരെയാണു ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രതിഭാ സിങ് പുറത്താക്കിയത്. ചോപല്‍ ബ്ലോക്ക് കമ്മിറ്റിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഹിമാചല്‍ പ്രദേശില്‍ അധികാരം ആര്‍ക്കൊപ്പമെന്ന ചോദ്യത്തിനു നാളെ ഉച്ചയോടെ വ്യക്തതയുണ്ടാവും. 68 അംഗ നിയമസഭയിലേക്കു ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണു നടക്കുന്നതെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിനേക്കാള്‍ നേരിയ മുന്‍തൂക്കം ബി ജെ പിക്കാണു പ്രവചിക്കപ്പെട്ടത്. ബിജെപിക്ക് 24-41 സീറ്റും കോണ്‍ഗ്രസിന് 20-40 സീറ്റുമാണ് എക്സിറ്റ് പോള്‍ പ്രവചനം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 35 സീറ്റാണു വേണ്ടത്.

നിലവിലെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാനുള്ള മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യം ഹിമാചല്‍ വോട്ടര്‍മാര്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്. എന്നാല്‍ ഈ പ്രവണത മറികടന്ന് തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വേകള്‍ സ്ഥിരീകരിക്കുന്നതെന്നു ബി ജെ പി അവകാശപ്പെട്ടു. നവംബര്‍ 12നായിരുന്നു ഹിമാചലില്‍ വോട്ടെടുപ്പ്.