കമ്പനിയുടെ സെയിൽസ് ടീമിൽ നിന്ന് ഏകദേശം 100 ജീവനക്കാരെ അഡോബ് പിരിച്ചുവിട്ടതായി റിപ്പോർട്ട്. ആമസോൺ, മെറ്റാ, ട്വിറ്റർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് തൊഴിൽ നഷ്‌ടങ്ങളെ അപേക്ഷിച്ച് എണ്ണം കുറവാണെങ്കിലും അഡോബും ഇവരുടെ പാത പിന്തുടരുകയാണ്. ചെലവ് കുറയ്ക്കുന്നതിന്റെ  ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചത്. മൂന്നാം പാദ സാമ്പത്തിക റിപ്പോർട്ട് പ്രകാരം കമ്പനിയിൽ ഏകദേശം 28,700 തൊഴിലാളികൾ ജോലി ചെയ്‌തിരുന്നു.

അഡോബ് മാത്രമല്ല, ബൈജൂസ്, ജോഷ്, ഹെൽത്ത്ഫൈമീ തുടങ്ങിയ ഇന്ത്യൻ സാങ്കേതിക സ്ഥാപനങ്ങളും കഴിഞ്ഞ ഏതാനും ആഴ്‌ചകൾക്കുള്ളിൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തതുപോലെ, സോഫ്‌റ്റ്‌വെയർ കമ്പനിയിലെ മറ്റ് സ്ഥാനങ്ങളിൽ ജോലി ചെയ്യാൻ തൊഴിലാളികൾക്ക് അഡോബ് അവസരങ്ങൾ നൽകുന്നുണ്ട്. എന്ന് മാത്രമല്ല ചില താക്കോൽ സ്ഥാനങ്ങളിലേക്ക് കമ്പനി പുതുതായി നിയമനം നടത്തുന്നുമുണ്ട്.

പ്രമുഖ വെബ്-ഫസ്‌റ്റ് സഹകരണ ഡിസൈൻ പ്ലാറ്റ്‌ഫോമായ ഫിഗ്മയെ ഏകദേശം 20 ബില്യൺ ഡോളറിന് വാങ്ങുമെന്ന് സെപ്റ്റംബറിൽ അഡോബ് പ്രഖ്യാപിച്ചിരുന്നു. ഈ ഇടപാട് ഇപ്പോൾ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്‌റ്റിസ് അന്വേഷിക്കുകയാണ്. ആന്റി-ട്രസ്‌റ്റ് വയലേഷൻ നിയമ പ്രകാരമാണ് അന്വേഷണം നടക്കുന്നത്.

അതേസമയം, വരും ആഴ്‌ചകളിലും, മാസങ്ങളിലും കമ്പനി കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ ഡിസംബർ 15ന് കമ്പനി പുറത്തു വിടാനിരിക്കെയാണ് പിരിച്ചുവിടൽ വാർത്തകൾ വന്നിരിക്കുന്നത്.