മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം തുടരുന്നതിനിടെ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 500ലധികം പേര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിവിധ തരത്തിലുള്ള കുറ്റങ്ങള്‍ ചെയ്തവര്‍ക്കാണ് ഇറാന്‍ സര്‍ക്കാര്‍ ശിക്ഷ നല്‍കിയത്. അതേസമയം അനൗദ്യോഗിക കണക്കുപ്രകാരം വധശിക്ഷ കാത്ത് കിടക്കുന്നവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിവരം. 

2022 ല്‍ ഇറാനില്‍ കുറഞ്ഞത് 504 പേര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് നോര്‍വേ ആസ്ഥാനമായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ (ഐഎച്ച്ആര്‍) കണക്ക് വ്യക്തമാക്കുന്നു. ഇവരില്‍ കഴിഞ്ഞ ഞായറാഴ്ച മാത്രം ഈ ശിക്ഷ ലഭിച്ച നാലുപേരുണ്ട്.നാല് പേരും ഇസ്രായേല്‍ ഇന്റലിജന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. അതേസമയം നിയമനടപടികളൊന്നുമില്ലാതെയാണ് ഇവരെല്ലാം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതെന്ന് ഐഎച്ച്ആര്‍ ഡയറക്ടര്‍ മഹ്‌മൂദ് അമീര്‍ മൊഗദ്ദം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ഇവര്‍ക്ക് അവരുടെ വാദം അവതരിപ്പിക്കാന്‍ പോലും അവസരം നല്‍കിയില്ല.ഇങ്ങനെ വധശിക്ഷ നല്‍കുന്നതിലൂടെ പൊതുജനങ്ങളില്‍ ഭയം സൃഷ്ടിക്കാനും പ്രതിഷേധത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ ശ്രദ്ധ തിരിക്കാനുമാണ് ഇറാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും മഹ്‌മൂദ് പറഞ്ഞു.

വധശിക്ഷ കാത്ത് ഒട്ടേറെ സ്ത്രീകളും..

ഐഎച്ച്ആര്‍ റിപ്പോര്‍ട്ട് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം സ്ത്രീകളാണ്. കഴിഞ്ഞ ഞായറാഴ്ച ഒരു സ്ത്രീക്ക് വധശിക്ഷ വിധിച്ചിരുന്നു. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. റിപ്പോര്‍ട്ട് പ്രകാരം ഇറാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീകളില്‍ ഭൂരിഭാഗം സ്ത്രീകളും അവിഹിത ബന്ധത്തിന്റെ പേരില്‍ പങ്കാളിയെയോ ബന്ധുക്കളെയോ കൊന്നതായി ആരോപിക്കപ്പെടുന്നു.

അഞ്ച് വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന കണക്ക്

ഈ വര്‍ഷം നല്‍കിയ വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2021ല്‍ 333 പേര്‍ക്കാണ് ശിക്ഷ ലഭിച്ചത്.2020ല്‍ 267 പേര്‍  വധശിക്ഷയ്ക്ക് വിധേയരായി. ഐഎച്ച്ആര്‍ പറയുന്നതനുസരിച്ച് 26 പേര്‍ക്ക് കൂടി വധശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.