ഇന്ത്യ ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഹബ്ബായി മാറുമെന്നും അടുത്ത വര്‍ഷത്തോടെ രാജ്യത്തിന് കുറഞ്ഞത് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെയെങ്കിലും ആവശ്യമായി വന്നേക്കുമെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ‘സാങ്കേതികവിദ്യ ലോകത്തെ ദ്രുതഗതിയില്‍ പരിവര്‍ത്തനം ചെയ്യുകയാണ്. നിലവിലെ പല പ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരമാര്‍ഗ്ഗമായി ശാസ്ത്ര-സാങ്കേതിക വിദ്യയെ മാറുന്നുണ്ട്.”- ‘ഡ്രോണ്‍ യാത്ര 2.0’ യുടെ ഫ്‌ലാഗിംഗിന് ശേഷം ചെന്നൈയില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കവെ താക്കൂര്‍ പറഞ്ഞു.

ഡ്രോണ്‍ സേവനങ്ങളുടെ സാധ്യതകളെക്കുറിച്ചും വിവിധ അനുബന്ധ തൊഴില്‍ ഓപ്ഷനുകളെക്കുറിച്ചും പരിപാടിയില്‍ താക്കൂര്‍ ഊന്നിപ്പറഞ്ഞു. ഡ്രോണ്‍ സേവന മേഖലയിലെ വളര്‍ച്ചാ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ പൈലറ്റും പ്രതിമാസം 50,000 മുതല്‍ 80,000 രൂപ വരെ സമ്പാദിക്കുമെന്നും ഈ വ്യവസായ ഏകദേശം 6,000 കോടി രൂപയുടെ തൊഴില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഇന്ത്യന്‍ നിര്‍മ്മിത ഡ്രോണുകള്‍ തയ്യാറാക്കുമെന്ന ഗരുഡ എയ്റോസ്പേസിന്റെ പ്രഖ്യാപനത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. രാജ്യത്തുടനീളമുള്ള 775 ജില്ലകളിലായി സംഘടിപ്പിക്കുന്ന ഗരുഡയുടെ ഡ്രോണ്‍ സ്‌കില്ലിംഗ് & ട്രെയിനിംഗ് കോണ്‍ഫറന്‍സ് 10 ലക്ഷം യുവാക്കളില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

രാജ്യത്ത് 200-ലധികം ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വരും ദിവസങ്ങളില്‍ ഇതിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമാക്കി.

‘ഒരു ദശലക്ഷം പ്രശ്നങ്ങള്‍ക്ക് ഒരു ബില്യണ്‍ പരിഹാരങ്ങള്‍ ഇന്ത്യയിലുണ്ട്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു ബില്യണ്‍ ജനങ്ങളുള്ള രാജ്യമെന്ന നിലയില്‍, വിവിധ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഇന്ത്യ കൂടുതല്‍ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നു.’- താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റായി പരിശീലനം നേടാമെന്നും അതിനായി കോളേജ് ബിരുദം ആവശ്യമില്ലെന്നും നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 12 മന്ത്രാലയങ്ങള്‍ ഡ്രോണ്‍ സേവനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. നിങ്ങള്‍ ഒരു ഡ്രോണ്‍ പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികാരപ്പെടുത്തിയ പരിശീലന കേന്ദ്രത്തില്‍ നിന്ന് പരിശീലനം നേടണം.