ഭോപ്പാല്‍: മധ്യപ്രദേശിലെ കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരനെ രക്ഷിക്കാനുളള ശ്രമങ്ങള്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഭോപ്പാല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദിവാകര്‍ അഗര്‍വാള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി, സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിഇആര്‍എഫ്) ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സാന്നിധ്യത്തില്‍ ഇന്ന് രാവിലെ 30 മുതല്‍ 35 അടി വരെ ആഴത്തില്‍ കുഴിയെടുത്തു. ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സ്ഥലത്തുണ്ട്. ഇന്നലെ വൈകുന്നേരമാണ് മധ്യപ്രദേശിലെ ബേതുല്‍ ജില്ലയില്‍ മൈതാനത്ത് കളിക്കുന്നതിനിടെ എട്ട് വയസ്സുള്ള തന്മയ് എന്ന ആണ്‍കുട്ടി ആഴത്തിലുള്ള കുഴല്‍ക്കിണറ്റില്‍ വീണത്. ജില്ലയിലെ മാണ്ഡവി ഗ്രാമത്തില്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു