ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ ഒരു വ്യവസായി നല്‍കിയ പരാതിയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള നമ്ര ഖാദിറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി കൂടിയായ ഇവരുടെ ഭര്‍ത്താവ് വിരാട് ബെനിവാള്‍ ഒളിവിലാണ്. 

ഒരു പരസ്യ സ്ഥാപനം നടത്തുന്ന പരാതിക്കാരന്‍ ഗുരുഗ്രാമിലെ സോഹ്ന റോഡിലെ ഒരു ഹോട്ടലില്‍ വച്ചാണ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇയാള്‍ തന്റെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാന്‍ യൂട്യൂബറിനോട് ആവശ്യപ്പെട്ടു. ഇതിനായി പ്രതികള്‍ 2.5 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെങ്കിലും യൂട്യൂബ് ചാനലില്‍ ബിസിനസ് പ്രൊമോട്ട് ചെയ്തില്ല. ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് യൂട്യൂബറും ഭര്‍ത്താവും ഹണി ട്രാപ്പില്‍ കുടുക്കി ചെയ്ത് 80 ലക്ഷം രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു.

യൂട്യൂബര്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നും ലഹരി പദാര്‍ത്ഥം നല്‍കിയെന്നും വ്യവസായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ അശ്ലീല വീഡിയോ നിര്‍മിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. നവംബര്‍ 24 ന് ആണ് വ്യവസായി പോലീസിനെ സമീപിച്ചത്. പിന്നാലെ നമ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നമ്ര ഖാദറിന് ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സും യുട്യൂബില്‍ ആറ് ലക്ഷം സബ്സ്‌ക്രൈബര്‍മാരുമുണ്ട്. നമ്ര-വിരാട് ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്.