തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധസമരത്തിലെ സമവായ ചർച്ചയിൽ ഒത്തുതീർപ്പിലെത്തിയെങ്കിലും പൂർണമായ സംതൃപ്തിയില്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. സമരം തീർക്കാനായി സമരസമിതി വിട്ടുവീഴ്ച നടത്തിയതായും മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം വികാരി ജനറൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിമാസ വാടകയായി 5,500 രൂപ പൂർണമായും സർക്കാർ തന്നെ നൽകണമെന്നും 2,500 രൂപ അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാമെന്നുള്ള വാഗ്ദാനം നിരാകരിച്ചതായും അദ്ദേഹം പറഞ്ഞു.

എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളും വിജയിക്കില്ല,​ വിഴിഞ്ഞം സമരവും സമാനമാണെന്ന് കേന്ദ്ര സർക്കാർ മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൾ കർഷക സമരം താത്കാലികമായി പിൻവലിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തെ സാഹചര്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കേണ്ട ആവശ്യകതയുണ്ടെന്നും യൂജിൻ പെരേര വ്യക്തമാക്കി.

മത്സ്യബന്ധനത്തൊഴിലാളികൾ ജോലിയ്ക്ക് പോകാത്ത ദിവസം നഷ്ടപരിഹാരം നൽകാമെന്ന് സർക്കാർ ചർച്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നിരീക്ഷണത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിക്കും. കൂടാതെ തീരശോഷണം പഠിക്കാനായി സമരസമിതി വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും ലത്തീൻ സഭ അറിയിച്ചു.