തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനായത്. തത്കാലത്തേക്ക് സമരം നിര്‍ത്തുന്നുവെന്ന് സമരസമിതി അറിയിച്ചു. തുറമുഖ നിർമാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചു.

സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഫാദര്‍ യൂജിന്‍ പെരേര അറിയിച്ചു. ‘തീരശോഷണവും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ല. പഠനം നടത്തുകയും ആഘാതങ്ങള്‍ ബോധ്യപ്പെടുകയും ചെയ്താല്‍ സമരം മുന്നോട്ട് കൊണ്ടുപോകും’, ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.

അതേസമയം ഇന്നത്തെ ചർച്ചകൾക്ക് മുന്നോടിയായി നേരത്തെ സമരസമിതി യോഗം ചേർന്നിരുന്നു. നാല് നിർദ്ദേശങ്ങൾ ലത്തീൻ സഭ മുന്നോട്ടുവച്ചിരുന്നു. കടൽക്ഷോഭത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് നൽകുന്ന വാടക 5500 എന്നത് 8000 ആയി ഉയർത്തണമെന്നത് ഒന്ന്. സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. വാടക നൽകുന്നതിനുള‌ള പണം അദാനിയുടെ സിഎസ്‌ആർ ഫണ്ടിൽ നിന്നും വേണ്ട, പ്രാദേശിക വിദഗ്ദ്ധനായ ആൾ തീരശോഷണം പഠിക്കാനുള‌ള സമിതിയിൽ വേണം എന്നിങ്ങനെയാണിവ.