തിരുവനന്തപുരം: പ്രശസ്ത ന‌ർത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം ചാൻസലറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഇത് സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പാണ് പുറത്തിറക്കിയത്. സാമൂഹ്യപരിവർത്തനതിന് കലയെ ഉപയോഗിച്ച പ്രതിഭയാണ് മല്ലികയെന്ന് പ്രഖ്യാപനം നടത്തികൊണ്ട് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കഴിഞ്ഞ നവംബർ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കിയിരുന്നു. കലാരംഗത്തെ പ്രമുഖരായ വ്യക്തികളെ ചാൻസലർ പദവിയിലേയ്ക്ക് പരിഗണിക്കുമെന്ന് മുൻപ് സർക്കാർ വ്യക്തമാക്കിയിരുന്നു.

പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും മകളാണ് പത്മഭൂഷൺ ജേതാവായ മല്ലിക സാരാഭായ്. കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയായ മല്ലിക നാടകം, സിനിമ, ടെലിവിഷൻ, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലും കഴിവ് തെളിച്ച പ്രതിഭയാണ്. ഇന്ത്യൻ നാട്യകലയെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങളും മല്ലിക രചിച്ചിട്ടുണ്ട്.