ഡല്‍ഹി: ‘കോണ്‍ഗ്രസ്’ എന്ന പേരിന് പേറ്റന്റ് എടുക്കണമായിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയറാം രമേശ്. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ സ്ഥാനം കൈയ്യേറുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘വര്‍ഷങ്ങളായി വ്യത്യസ്ത പാര്‍ട്ടികള്‍ ഞങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്, എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും തിരികെ തന്നിട്ടില്ല.’അദ്ദേഹം.പറഞ്ഞു.

‘കോണ്‍ഗ്രസ്’ എന്ന വാക്കിന് പേറ്റന്റ് എടുക്കണമെന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു; ഞങ്ങള്‍ക്ക് തെറ്റ് പറ്റി. ഇന്ന് നമ്മുടെ രാജ്യത്ത് കോണ്‍ഗ്രസിന്റെ പേരിലുള്ള നിരവധി പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതായി കാണാം’ എംപി പറഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് തുടങ്ങിയ പേരുകള്‍ അദ്ദേഹം ഇതിന് ഉദാഹരണമായി സൂചിപ്പിച്ചു. മൂന്ന് പാര്‍ട്ടികളുടെയും സ്ഥാപകര്‍ മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായിരുന്നു. ശക്തമായ കോണ്‍ഗ്രസില്ലാതെ ശക്തമായ പ്രതിപക്ഷം സാധ്യമല്ലെന്നും ഭാരത് ജോഡോ യാത്രയ്ക്ക് പ്രതിപക്ഷ ഐക്യവുമായി യാതൊരു ബന്ധവുമില്ലെന്നും ജയറാം രമേശ് പറഞ്ഞു.