സോൾ: ദക്ഷിണ കൊറിയൻ സിനിമകൾ കാണുകയും വിൽക്കുകയും ചെയ്ത കൗമാരക്കാരെ വെടിവെച്ച് കൊന്ന് ഉത്തരകൊറിയൻ ഭരണകൂടം. 16ഉം 17ഉം പ്രായമുള്ള ആൺകുട്ടികളെ വെടിവെച്ചു കൊന്നുവെന്നാണ് റിപ്പോർട്ട്. ഉത്തരകൊറിയയിലെ ഫയറിംഗ് സ്‌ക്വാഡാണ് ശിക്ഷ നടപ്പാക്കിയത്. ദക്ഷിണ കൊറിയൻ സിനിമകൾ കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയ നിരോധിച്ചിട്ടുണ്ട്. 

ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരകൊറിയയിലെ റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളിലാണ് ഇവർ പഠിച്ചിരുന്നത്. സ്‌കൂളിൽ ഇവർ കെ-ഡ്രാമകൾ വിതരണം ചെയ്തുവെന്നും കണ്ടുവെന്നും വിവരങ്ങൾ പുറത്തുവന്നു. പിന്നാലെ കൗമാരക്കാരെ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന് വധശിക്ഷയ്ക്ക് വിധിക്കുകയും ഉടൻ തന്നെ നഗരത്തിലെ ഒരു എയർഫീൽഡിൽ അധികൃതർ വെടിവെച്ച് വീഴ്ത്തുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.

ഒക്ടോബർ അവസാന വാരമാണ് സംഭവം നടക്കുന്നത്. 2020ലാണ് ദക്ഷിണകൊറിയൻ സിനിമകൾക്കും ടിവി ഷോകൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ദക്ഷിണ കൊറിയൻ ഷോകളുടെയും സംഗീതത്തിന്റെയും വർദ്ധിച്ചുവരുന്ന ജനപ്രീതി കാരണമാണ് നിരോധനം. പ്രത്യയശാസ്ത്രപരവും സാംസ്‌കാരികവുമായ ഉപകരണങ്ങളെ നിയന്ത്രിക്കുന്ന നിയമമാണ് സർക്കാർ കൊണ്ടുവന്നത്.