ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയില്‍ 21കാരിയായ ഇന്ത്യന്‍ വംശജയെ അജ്ഞാതന്‍ വെടിവെച്ചുകൊന്നു. പവന്‍പ്രീത് കൗര്‍ എന്ന സിഖ് യുവതിയാണ് കൊല്ലപ്പെട്ടത്. ഒന്റാറിയോയിലെ മിസിസാഗ നഗരത്തിലെ ഗ്യാസ് സ്റ്റേഷന് പുറത്തായിരുന്നു സംഭവം. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഒരു ഹൈസ്‌കൂളില്‍ ഇന്ത്യന്‍ വംശജനായ മെഹക്പ്രീത് സേത്തിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം.

ശനിയാഴ്ച രാത്രി 10.39 ഓടെയാണ് ഒരു സ്ത്രീക്ക് വെടിയേറ്റതായി പീല്‍സ് റീജിയണല്‍ പോലീസിന് വിവരം ലഭിച്ചത്.പോലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വൈകിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് വെടിയേറ്റ പാടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും യുവതി തല്‍ക്ഷണം മരിച്ചതായും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ നാഗ്തേഗല്‍ പറഞ്ഞു.പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.യുവതിയെ വെടിവെച്ചത് സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും പറയാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

കറുത്ത വസ്ത്രം ധരിച്ച് അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷിയായ കാര്‍മേല സാന്‍ഡോവലിനെ ഉദ്ധരിച്ച് ടൊറന്റോ സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. യുവതി പെട്ടന്ന് വീഴുന്നത് കണ്ടതായും അക്രമി തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയതായും വിവരമുണ്ട്.