സ്‌ഫോടനത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മ്മിച്ച് അതിലൂടെ കാറോടിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ക്രിമിയന്‍ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലമാണ് ഒക്ടോബര്‍ എട്ടിന് തകര്‍ന്നത്. ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്നുല്ല് പുടിനൊപ്പം ഉണ്ടായിരുന്നു. മെഴ്‌സിഡസ് കാര്‍ ഓടിക്കുന്ന പുടിന്‍ ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് സ്റ്റേറ്റ് ടെലിവിഷനില്‍ കാണിച്ചു.

2018 ല്‍ വ്ളാഡിമിര്‍ പുടിന്‍ തന്നെയാണ് 19 കിലോമീറ്റര്‍ നീണ്ട പാലം തുറന്നുകൊടുത്തത്. തുടര്‍ന്ന് ഒക്ടോബര്‍ 8 ന് യുക്രൈന്‍ നടത്തിയ ബോംബാക്രമണത്തില്‍ പാലം തകര്‍ന്നെന്നാണ് റഷ്യയുടെ വാദം. എന്നാല്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രൈന്‍ ഏറ്റെടുത്തിട്ടില്ല. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലം കൂടിയാണിത്. 

സ്ഫോടനത്തില്‍ പാലത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതോടെ കെര്‍ച്ച് കടലിടുക്കിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അയല്‍രാജ്യമായ തെക്കന്‍ റഷ്യയില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ട ക്രിമിയന്‍ ഉപദ്വീപിലേക്ക് പോകുന്ന ട്രെയിനിലെ നിരവധി ഇന്ധന ടാങ്കറുകളും സ്‌ഫോടനത്തില്‍ നശിച്ചു. പിന്നാലെ ജനവാസ കേന്ദ്രങ്ങളിലും യുക്രൈനിന്റെ പവര്‍ ഗ്രിഡിലും വ്യോമാക്രമണം നടത്തിയാണ് പുടിന്‍ തിരിച്ചടിച്ചത്.