പഞ്ചാബി ഗായകന്‍ സിദ്ധു മൂസെ വാലയുടെ  കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ ഗോള്‍ഡി ബ്രാറിന്റെ വീഡിയോ പുറത്ത്. താന്‍ യുഎസില്‍ ഇല്ലെന്നും തടവിലാക്കപ്പെട്ടിട്ടില്ലെന്നുമാണ് ഗോള്‍ഡി വീഡിയോയില്‍ പറയുന്നത്. ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയയില്‍ തടവിലാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അവകാശപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

ബ്രാറിനെ കാലിഫോര്‍ണിയയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി മാന്‍ ഡിസംബര്‍ 2 ന് സ്ഥിരീകരിച്ചിരുന്നു. ഉടന്‍ തന്നെ ബ്രാറിനെ പഞ്ചാബ് പോലീസിന്റെ കസ്റ്റഡിയില്‍ ലഭിക്കുമെന്നും മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 

‘ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും സ്ഥിരീകരണത്തിന് പോലും കാത്തുനില്‍ക്കാതെയാണ് മുഖ്യമന്ത്രി പ്രസ്താവനയുമായി മുന്നോട്ട് പോയത്. സിദ്ധു മൂസ് വാലയുടെ കൊലയാളിയെ കിട്ടിയെന്ന് പറഞ്ഞ് വോട്ടര്‍മാരില്‍ മതിപ്പുണ്ടാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്,’ പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ ഇന്ത്യ ടുഡേയോട് പറഞ്ഞു. യുട്യൂബില്‍ ഒരു മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലാണ് ബ്രാര്‍ തടങ്കല്‍ വാദങ്ങള്‍ നിഷേധിച്ചത്. എന്നാല്‍, അഭിമുഖത്തിന്റെ ആധികാരികത കണ്ടെത്താനായിട്ടില്ല.

മെയ് 29 നാണ് പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാല കൊല്ലപ്പെട്ടത്. പിന്നാലെ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ അംഗമായ ഗോള്‍ഡി ബ്രാര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഒരാളെ അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വയ്ക്കാനും അനുവദിക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസ് ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ചിരുന്നു.