ജാര്‍ഖണ്ഡിലെ ഖൂംണ്ടിയില്‍ 24കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുര്‍ഹു സ്വദേശിയായ കാനു മുണ്ടയാണ് കൊല്ലപ്പെട്ടത്. ഭൂമി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അരുംകൊല. അടുത്ത ബന്ധുവായ 20കാരനാണ് മുഖ്യപ്രതി. കൊലയ്ക്ക് ശേഷം വെട്ടിമാറ്റിയ തലയുമായി പ്രതിയുടെ സുഹൃത്തുക്കള്‍ സെല്‍ഫിയുമെടുത്തു. 

സംഭവത്തില്‍ പ്രതിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ആറ് പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ പിതാവ് കഴിഞ്ഞ ഡിസംബറില്‍ ഇവര്‍ക്കെതിരെ ദസായി മുണ്ട പൊലീസില്‍ കേസ് കൊടുത്തിരുന്നു. ഇതില്‍ പ്രതികള്‍ക്ക് യുവാവിനോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നു. 

തട്ടിക്കൊണ്ടുപോയി അരുംകൊല

കൊലപാതകം നടന്ന ദിവസം മകന്‍ കനു മുണ്ട വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പിതാവ് എഫ്ഐആറില്‍ പറയുന്നു. മറ്റുള്ളവര്‍ വയലില്‍ ജോലിക്ക് പോയി.വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ പ്രതി സാഗര്‍ മുണ്ടയും സുഹൃത്തുക്കളും കാനുവിനെ തട്ടിക്കൊണ്ടുപോയതായി ഗ്രാമവാസികള്‍ പറഞ്ഞു. കാനുവിനെ കണ്ടെത്താന്‍ വീട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.പിന്നാലെ 55കാരനായ പിതാവ് പോലീസിനെ സമീപിക്കുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു

തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ ഖൂംണ്ടി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അമിത് കുമാറിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ സംഘം രൂപീകരിച്ചു. പ്രതിയെ പിന്തുടരുന്നതിനിടെ പോലീസ് സംഘം കുമാങ് ഗോപ്ല വനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുമാങ് ഗോപ്ലയിലെ വനത്തില്‍ നിന്ന് കാനുവിന്റെ മൃതദേഹം കണ്ടെത്തി. ഇവിടെ നിന്ന്15 കിലോമീറ്റര്‍ അകലെ ദുല്‍വ തുംഗ്രി മേഖലയില്‍ നിന്നാണ് ഇയാളുടെ തല കണ്ടെത്തിയത്.

അറുത്ത തലയ്ക്കൊപ്പം സെല്‍ഫി

കൊല്ലപ്പെട്ടയാളുടെ തലയ്ക്കൊപ്പം പ്രതിയും സുഹൃത്തുക്കളും സെല്‍ഫിയെടുത്തുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരില്‍ നിന്ന് രക്തം പുരണ്ട മൂര്‍ച്ചയുള്ള രണ്ട് ആയുധങ്ങളും ഒരു മഴുവും ഒരു എസ്യുവിയും കണ്ടെടുത്തിട്ടുണ്ട്. കാനു മുണ്ടയുടെ മൊബൈല്‍ ഉള്‍പ്പെടെ അഞ്ച് മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഭൂമിയെച്ചൊല്ലി കാനുവിന്റെ കുടുംബങ്ങളും പ്രതികളും തമ്മില്‍ വളരെകാലമായി വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.എന്നാല്‍, ക്രൂരമായ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.