തിരുവനന്തപുരം: നിഷ ബാലകൃഷ്ണന് ഇനിയൊരു സർക്കാർ ജോലി ലഭിക്കുമോ എന്നുറപ്പില്ല. പക്ഷേ ഇതൊരു നിഷയുടെ മാത്രം പ്രശ്നമല്ല. ആയിരക്കണക്കിനു നിഷമാരുടെ അവസ്ഥയാണ്. ഒഴിവ് റിപ്പോർട്ട് ചെയ്യാൻ റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം അർധരാത്രി വരെ കാത്തിരുന്ന ആ ഉദ്യോഗസ്ഥൻ്റെ ക്രുരതയ്ക്ക് നിഷ ഇരയായത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒരു ജോലിക്കു വേണ്ടി കാത്തിരിക്കുന്ന ആയിരങ്ങളുടെ മനസ്സിൽ ആശങ്കകളുടെ വിത്തുകൾ പാകിക്കൊണ്ടാണ് ഈ വാർത്ത സമൂഹത്തിൽ പടർന്നത്. `ഇതിലൂടെ ആ ഇദ്യോഗസ്ഥൻ എന്തു നേടി´യെന്ന് നിഷ ചോദിക്കുമ്പോൾ അത് മറ്റുള്ളവരുടെ ചോദ്യമായി മാറുന്നതും അതുകൊണ്ടാണ്. ഉദ്യോഗസ്ഥൻ തന്നിഷ്ടപ്രകാരം പ്രവർത്തിച്ചതുമൂലം കെ‍ാല്ലം ചവറ സ്വദേശി നിഷയ്ക്കു സർക്കാർ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ മന്ത്രി എം.ബി.രാജേഷ് കഴിഞ്ഞ ദിവസം ന്യായവാദങ്ങൾ നിരത്തിയതോടെ സർക്കാരിൻ്റെ ഭാഗത്തു നിന്നും അനുഭാവപൂർവ്വമായ തീരുമാനമുണ്ടാകുമെന്നുള്ള പ്രതീക്ഷകളും അസ്തമിച്ചു കഴിഞ്ഞു. 

റാങ്ക് പട്ടികയുടെ അവസാനദിവസമായ 2018 മാർച്ച് 31നു രാത്രി 11.36 മുതൽ അർധരാത്രി വരെയുള്ള സമയത്താണ് നഗരകാര്യ വകുപ്പ് ഡയറക്ടറുടെ തിരുവനന്തപുരത്തെ ഓഫിസിൽനിന്ന് വിവിധ ജില്ലാ പിഎസ്‌സി ഓഫിസുകളിലേക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. കെ‍ാച്ചി കോർപറേഷൻ ഓഫിസിലെ ഒഴിവ് നിഷയുടെയും മറ്റ് ഉദ്യോഗാർഥികളുടെയും ശ്രമഫലമായി നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് മാർച്ച് 28നു റിപ്പോർട്ട് ചെയ്യിച്ചിരുന്നു. എന്നാൽ, 31ന് അർധരാത്രി മാത്രമാണ് പിഎസ്‌സി ഓഫിസിലേക്ക് ആ ഒഴിവ് റിപ്പോർട്ട് ചെയ്തത്. ഇ മെയിലിൽ അവിടെ ലഭിച്ചതാകട്ടെ 12 മണി പിന്നിട്ട് 4 സെക്കൻഡുകൾക്കുശേഷവും. പട്ടികയുടെ കാലാവധി രാത്രി 12ന് അവസാനിച്ചുവെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നിഷേധിച്ചതോടെ കാലങ്ങളായി കാത്തിരുന്ന സർക്കാർ ജോലി എന്ന പ്രതീക്ഷ ആ യുവതിക്ക് നഷ്ടപ്പെടുകയായിരുന്നു. റിപ്പോർട്ട് ചെയ്യാൻ എന്തിന് ഇത്രയും സമയം വരെ കാത്തിരുന്നു എന്ന ചോദ്യമാണ് സ്വാഭാവികമായും ഉയരുന്നത്. ഉപയോഗമില്ലാത്ത രീതിയിൽ ഒഴിവു റിപ്പോർട്ട് ചെയ്ത് നിഷയുടെ ജീവിതം തകർത്ത ഉദ്യോഗസ്ഥന് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരിക്കും ഉത്തരം. എന്നാൽ സർക്കാർ ജോലി സ്വപനം കണ്ട നിഷയ്ക്ക് അതു അതു നഷ്ടപ്പെട്ടു. അതിലൂടെ മെച്ചപ്പെട്ട ജീവിതവും. 

ജോലി നിഷേധിക്കപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികളുടെ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി തീരുന്ന 2018 മാർച്ച് 31ന് 14 ജില്ലകളിലെയും ക്ലാർക്കുമാരുടെ നിയമനച്ചുമതലയുള്ള ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു എന്നാണ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയത്. വകുപ്പു തലവൻ്റെ അനുമതി ലഭിക്കാൻ അദ്ദേഹത്തിൻ്റെ താമസസ്ഥലത്തു പോയി രാത്രി 11.30നാണ്‌ ഒപ്പിട്ടുവാങ്ങിയതെന്നുള്ള വിചിത്ര ന്യായമാണ് ഇപ്പോൾ പുറത്തു വരുന്നത്.  തുടർന്ന് 11.36 മുതൽ എല്ലാ ജില്ലാ ഓഫിസിലേക്കും ഇമെയിൽ വഴി ഒഴിവ് റിപ്പോർട്ട് ചെയ്തുവെന്നും കണ്ണൂർ, എറണാകുളം ജില്ലകൾക്ക് അയച്ചത് രാത്രി 12 നാണ്െന്നും പറയുന്നു. കണ്ണൂരിൽ നിയമനം നൽകിയെന്നും എറണാകുളത്തു മെയിൽ കിട്ടിയതു 12.04ന് ആണെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നൽകിയില്ലെന്നും മന്ത്രി പറഞ്ഞു വയ്ക്കുന്നു. എന്നാൽ രാവിലെ 10 മുതൽ തുറന്നിരിക്കുന്ന ഓഫിസിൽനിന്ന് ഒഴിവു റിപ്പോർട്ട് ചെയ്യാൻ അനുമതി തേടി രാത്രി 11.30നു വകുപ്പു തലവൻ്റെ താമസസ്ഥലത്തു പോകുന്നതെന്തിനെന്നുള്ള ചോദ്യമാണ് നിഷ ഉയർത്തുന്നത്. മാത്രമല്ല നിഷ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾ 2018 മാർച്ച് 28നു തന്നെ തിരുവനന്തപുരത്തെ നഗരകാര്യ ഡയറക്ടർ ഓഫിസിലെത്തി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം കൈകാര്യം  ചെയ്തിരുന്ന ക്ലാർക്ക് ബിനുരാജിനോട് ഒഴിവ് അന്നു തന്നെ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്ന കാര്യം ഓർമിപ്പിക്കുകയും ചെയ്തിരുന്നു. 29നും 30നും അവധിയായിരുന്നു. 31നു പകൽ പലതവണ ഉദ്യോഗസ്ഥനെഅ നിഷ വിളിച്ചിരുന്നു. അപ്പോഴെല്ലാം ‘ചെയ്യാം’ എന്നായിരുന്നു മറുപടിയെന്നും നിഷ വ്യക്തമാക്കുന്നു. എന്നാൽ ഉച്ചയ്ക്കുശേഷം ഫോൺ വിളിച്ചപ്പോൾ ഉദ്യോഗസ്ഥൻ ഫോൺ എടുത്തതുമില്ല. 

ഈ രീതിയിലാണ് കാര്യങ്ങളെന്നിരിക്കേയാണ് ഉദ്യോഗസ്ഥനെ വെള്ളപൂശിക്കൊണ്ട് സാക്ഷാൽ മന്ത്രി തന്നെ രംഗത്തെത്തിയത്. മന്ത്രി എംബി രാജേഷ് മുൻപ് സംസ്ഥാനത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനത്തിൻ്റെ അമരക്കാരനായി പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹത്തിന് യുവജനങ്ങളുടെ അവസ്ഥകളും സാഹചര്യങ്ങളും മനസ്സിലാക്കാൻ പ്രയാസം കാണില്ല. പക്ഷേ ഇവിടെ സംഭവിക്കുന്നത് നേരേ തിരിച്ചാണ്. എന്തുകൊണ്ട് മന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു സമീപനമുണ്ടാകുന്നു എന്നു ചോദിച്ചാൽ അതിനുത്തരം അധികാരമെന്ന് മാത്രമായിരിക്കും. മാത്രമല്ല യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാർ നീക്കം നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നുകഴിഞ്ഞിട്ടുണ്ട്. ഇവർ സർക്കാർ അനുകൂല സംഘടനയിൽപ്പെട്ടവരായതിനാൽ വെള്ളപൂശലും രക്ഷപ്പെടുത്തലുമൊക്കെ കാര്യമായി നടക്കുന്നുണ്ടെന്ന് സാരം.