കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസിന്റേതാണ് നടപടി. നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിപ്പിച്ചുവെന്ന കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 

ഒരു ജീവനക്കാരിയെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിപ്പിച്ചുവെന്ന കേസിലാണ്  നന്ദകുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചെന്നും നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതി. 

മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് അപമര്യാദയായി പെരുമാറുന്നു, മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു തുടങ്ങിയ പരാതികളും മെയ് 27ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഏപ്രില്‍ മാസമാണ് അശ്ലീല വീഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടതെന്നും യുവതി പരാതിപ്പെടുന്നു. കഴിഞ്ഞ വര്‍ഷവും മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെയായിരുന്നു മന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. ഈ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നടപടി. ഇയാള്‍ക്കെതിരെ ഐപിസി 506, 509 വകുപ്പുകളും ചുമത്തി. പിന്നാലെ നന്ദകുമാറിന്റെ കൊച്ചിയിലെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി.

എന്നാല്‍ തനിക്കെതിരായ കേസിന് പിന്നില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലാണെന്നാണ് നന്ദകുമാര്‍ ആരോപിച്ചത്. സ്വപ്നയുടെയും പി സി ജോര്‍ജിന്റെയും സാന്നിധ്യത്തില്‍ നന്ദകുമാറിന്റെ ഓഫീസില്‍ വെച്ച് ഗൂഢാലോചന നടന്നതെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും സരിത കള്ളം പറയുകയാണെന്നുമാണ് നന്ദകുമാര്‍ പ്രതികരിച്ചത്. സ്വപ്നയും ജോര്‍ജും താനും ഒരുമിച്ചു കൂടിക്കാഴ്ച നടത്തിയിട്ടില്ല. സ്വപ്നയും ജോര്‍ജുമായി ഒരു സംയുക്ത അഭിമുഖം ആസൂത്രണം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.