തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ പ്രതികളെ സംരക്ഷിക്കുന്നതരത്തിലുള്ള സഹകരണ വകുപ്പിന്റെ നിലപാടിന് തിരിച്ചടിയായി വിജിലൻസ് കോടതി ഉത്തരവ്. 104 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സഹകരണമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച കേസിൽ തട്ടിപ്പുകാരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന റിപ്പോർട്ട് 2021 ഒക്ടോബർ 30-ന് സമർപ്പിച്ചതാണ്. റിപ്പോർട്ടിൽ തുക എത്രയും വേഗം വസൂലാക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഒരുവർഷവും ഒരുമാസവും പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.

പകർപ്പുപോലും പുറത്തുപോകാത്ത രീതിയിൽ റിപ്പോർട്ട് പൂഴ്ത്തിയെങ്കിലും പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി വിജിലൻസ് കോടതി അപ്രതീക്ഷിതമായി ഉത്തരവിടുകയായിരുന്നു.

സി.പി.എം. പ്രവർത്തകരാണ് പ്രതികളെന്നതിനാലാണ് റിപ്പോർട്ടിന്മേൽ നടപടിയുണ്ടാകാത്തതെന്നാണ് പ്രധാന ആരോപണം. തട്ടിപ്പിന് കൂട്ടുനിന്നവരുടെ വസ്തുവകകൾ കണ്ടുകെട്ടി നഷ്ടം ഈടാക്കണമെന്നാണ് ശുപാർശചെയ്തത്. എന്നാൽ, നടപടി വൈകിച്ചതോടെ പ്രതികൾ അവരുടെ വസ്തുക്കൾ മറ്റുള്ളവരുടെ പേരിലേക്ക് മാറ്റാനും വിറ്റഴിക്കാനുമുള്ള ശ്രമത്തിലാണ്.

തട്ടിപ്പിനെക്കുറിച്ച് ആദ്യം നടത്തിയ 65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണറിപ്പോർട്ട് ഒരുവർഷത്തിനകം സമർപ്പിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. 2020 ഓഗസ്റ്റ് 31-ന് നൽകേണ്ട റിപ്പോർട്ട് 2020 ഒക്ടോബർ 19-ന് സമർപ്പിച്ചത്. അതിനാലിത് നിയമപരമായി നിലനിൽക്കില്ല.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 68-ാം വകുപ്പുപ്രകാരം തുടരന്വേഷണം നടത്തി തട്ടിപ്പുകാരിൽനിന്ന് നഷ്ടം ഈടാക്കണമെന്ന റിപ്പോർട്ടുണ്ടാക്കിയത്. പ്രാഥമികറിപ്പോർട്ടിന്റെ ആധികാരികത ചോദ്യംചെയ്യപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കാനുള്ള റിപ്പോർട്ടും നിയമപരമായി നിലനിൽക്കില്ല. ഇത് പ്രതികൾ രക്ഷപ്പെടുന്നതിന് വഴിയൊരുക്കും.