കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയയുടെ പിടിയില്‍ അകപ്പെടുന്നവരില്‍ കൊച്ചുകുട്ടികളും.കോഴിക്കോട് അഴിയൂരില്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെ ലഹരി മാഫിയ കാരിയര്‍ ആക്കി മാറ്റിയതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നു.തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി 13 കാരി വെളിപ്പെടുത്തി.

ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി വെളിപ്പെടുത്തി.രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്സോ കേസ്
രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയക്കുകയും ചെയ്തു.

സൗഹ‍ൃദ വലയത്തിലുളളവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഒരു ബിസ്കറ്റ് പോലും ലഹരിയുടെ ലോകത്തിലേക്കുളള വഴിയാകുമോ ? അങ്ങനെ സംഭവിക്കാമെന്നാണ് വടകര അഴിയൂരിലെ 13കാരിയുടെ അനുഭവം വ്യക്തമാക്കുന്നത്. ലഹരിമരുന്നിനെതിരെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഒരു ഭാഗത്ത് പ്രചാരണം തുടരുമ്പോഴാണ് പിഞ്ചു കുട്ടികള്‍ പോലും ലഹരി മാഫിയ കെണിയിലാകുന്നത്.

വടകര അഴിയൂരിലെ പ്രമുഖ സ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി. സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്ന മിടുമിടുക്കി. എന്നാല്‍ കഴിഞ്ഞ ഏതാനം മാസങ്ങള്‍ക്കിടെ അവിശ്വസനീയമായ അനുഭവങ്ങളിലൂടെയാണ് ഈ കുട്ടിയുടെ ജീവിതം കടന്നുപോയത്. കുഞ്ഞിപ്പളളിയിലെ വീട്ടില്‍ വച്ച് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അവള്‍ തുറന്ന് പറ‍ഞ്ഞു. കബഡി കളിക്കിടെ നിരഞ്ജന എന്ന് പേരുളള ഒരു പെണ്‍കുട്ടി നല്‍കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ കെണിയിലേക്കുളള പതനം. പിന്നീട് അദ്നാന്‍ എന്ന യുവാവുമെത്തി.

ലഹരിയുടെ പിടിയിലേക്ക് വീണതിനെ കുറിച്ച് കുട്ടി പറഞ്ഞതിങ്ങനെ
”പരിചയമുള്ള ചേച്ചി തന്നത് കൊണ്ട് ബിസ്ക്കറ്റ് തിന്നു.മറ്റൊരു ചേച്ചിയും വന്നു. അതിനുശേഷം ഓരോ സ്ഥലത്തും കൊണ്ടുപോകും.കയ്യിഷ അടിച്ചുതരും.മൂക്കിൽ മണപ്പിച്ച് തരും. ഇൻജക്ഷൻ എടുക്കും. അവര്‍ തന്നെ കൈപിടിച്ച് കുത്തിവയ്ക്കും. ബിസ്ക്കറ്റ് കഴിച്ച് കഴിയുമ്പോൾ വീണ്ടും കഴിക്കണമെന്ന് തോന്നും. കുത്തിവച്ചാൽ പിന്നെ ഒന്നും തോന്നില്ല. ഓര്‍മ ഉണ്ടാകില്ല”

ബിസ്കറ്റില്‍ തുടങ്ങി, പിന്നീട് പൊടിരൂപത്തില്‍ മൂക്കില്‍ വലിപ്പിച്ചു, കൂടുതല്‍ ശ്രദ്ധയും ഉന്‍മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയില്‍ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തില്‍ എത്തിച്ചു. ഒടുവില്‍ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താന്‍ ഉല്‍പ്പെടെയുളള മൂന്ന് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയി . 

അതിനെ കുറിച്ച് കുട്ടി പറയുന്നത് കേൾക്കണം
”അവ‍ര്‍ പറഞ്ഞതനുസരിച്ച് ബാഗിൽ സാധനങ്ങളുമായി തലശേരിയിൽ പോയി. ഡൗൺ ടൗൺ മാളിലാണ് പോയത്. കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അവിടെ ചെല്ലുമ്പോൾ മുടിയൊക്കെ ഇങ്ങനെ ഇട്ട ഒരാൾ വന്നു. ലഹരി കൊണ്ടുപോകുന്നവരാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത്
എക്സ് പോലെ ഒരു അടയാളം തന്‍റെ കയ്യിൽ വരയ്ക്കും.അത് കണ്ടാൽ അവര്‍ക്ക് അറിയാനാകും. ചില ചേച്ചിമാരുടെ കയ്യിൽ സ്മൈൽ ഇമോജി വരച്ചിട്ടുണ്ട് ”

ലഹരിയുടെ കെണിയിലേക്ക് വീണ കുട്ടിയുടെ പെരുമാറ്റത്തില്‍ അസാധാരണമായ ചില മാറ്റങ്ങൾ കണ്ടതിനെത്തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചത്.

സ്കൂളിലെത്തിയപ്പോള്‍ കണ്ട കാഴ്ച പെണ്‍കുട്ടിയുടെ ഉമ്മയുടെ ഉമ്മ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ

”ബാത്റൂമിൽ നിന്നിറങ്ങിയ എന്‍റെ കുഞ്ഞ് ആകെ നനഞ്ഞിരുന്നു. മുഖം കോടിയപോലെ ആയിരുന്നു . ക്ഷീണം ഉള്ള പോലെ .വിതുമ്പലോടെ പറഞ്ഞത് പിന്നെ പൊട്ടിക്കരച്ചിലായി. കുഞ്ഞുമോളല്ലേ  അവളെ അല്ലേ നശിപ്പിച്ചത്.എങ്ങനെ കഴിയുന്നു ഇവര്‍ക്കൊക്കെ. നീരുവന്ന് എന്‍റെ കുട്ടി കിടന്നു. രണ്ട് മാസം ”

വീട്ടുകാര്‍ ചോമ്പാല പൊലീസില്‍ വിവരം നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചതറിഞ്ഞ ലഹരി മാഫിയ സ്റ്റേഷനിലുമെത്തി. തനിക്ക് ലഹരി നല്‍കിയവര്‍ തന്നെ സ്റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ പെണ്‍കുട്ടി പതറി. ഒടുവില്‍ അഴിയൂര്‍ സ്വദേശി അദ്നാനെ പ്രതിയാക്കി പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു, ഇയാളെ ഉടന്‍ തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേട് ഉണ്ടെന്ന പേരില്‍ ഇയാളെ പറഞ്ഞയക്കുകയാണ് പീന്നീട് പൊലീസ് ചെയ്തത്

ഒരു 13 കാരി നല്‍കിയ നിര്‍ണായ വിവരങ്ങളെല്ലാം ഉണ്ടായിട്ടും ഈ കേസിലെ പ്രതിക്ക് സുരക്ഷിതമായി സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകാനായി. തന്‍റെ ഇതേ അനുഭവം സ്കൂളിലെ നിരവധി കുട്ടികള്‍ക്കുണ്ടെന്ന് ഈ പെണ്‍കുട്ടി പറയുമ്പോഴും ചെല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുളള ഏജന്‍സികളെ വിവരം അറിയിക്കുന്നതില്‍ സ്കൂള്‍ അധികൃതരും വീഴ്ച വരുത്തി. ചുരുക്കത്തില്‍ , നമ്മുടെ സംവിധാനങ്ങളെയെല്ലാം നോക്കു കുത്തിയാക്കിയാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനം.