ആമസോണും ആപ്പിളും ട്വിറ്ററിൽ പരസ്യം ചെയ്യുന്നത് പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ. ആപ്പിൾ ട്വിറ്ററിൽ പൂർണമായ പരസ്യ പ്രവർത്തനം പുനരാരംഭിച്ചതായി ഇലോൺ മസ്‌ക് തന്നെയാണ് സ്ഥിരീകരിച്ചത്. ട്വിറ്ററിൽ പരസ്യം ചെയ്യുന്നതിനായി ആമസോൺ പ്രതിവർഷം 100 മില്യൺ ഡോളർ ബജറ്റിൽ വകയിരുത്തുന്നതായി മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങുന്നതിന് സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകി പരസ്യദാതാക്കൾക്ക് ട്വിറ്റർ മെയിൽ അയച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. പുതിയ റിപ്പോർട്ട് അനുസരിച്ച് ആമസോൺ ട്വിറ്റർ പരസ്യത്തിനായി 100 മില്യൺ ഡോളർ ചെലവഴിക്കാൻ തീരുമാനിച്ചു. എന്ന് മാത്രമല്ല ആമസോൺ ട്വിറ്ററിൽ പരസ്യങ്ങൾ നൽകുന്നത് പൂർണമായും നിർത്തിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ഒരു ട്വിറ്റർ സ്‌പേസ് ആശയവിനിമയത്തിനിടെയാണ് പ്ലാറ്റ്‌ഫോമിൽ ആപ്പിൾ പൂർണമായ പരസ്യ പ്രവർത്തനം പുനരാരംഭിച്ചതായി മസ്‌ക് സ്ഥിരീകരിച്ചത്. ആപ്പിൾ സിഇഒ ടിം കുക്കിനെ ആപ്പിൾ ആസ്ഥാനത്തെത്തി മസ്‌ക് സന്ദർശിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ പുരോഗതി ഉണ്ടായിരിക്കുന്നത്. ട്വിറ്ററിലേക്ക് മടങ്ങിയെത്തിയ പരസ്യദാതാക്കൾക്ക് നന്ദി അറിയിച്ചുകൊണ്ട് മസ്‌ക് ട്വീറ്റും ചെയ്‌തിട്ടുണ്ട്‌.

ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷനുകളുടെ 30 ശതമാനം നികുതി സംബന്ധിച്ച് ആപ്പിളും മസ്‌കും ധാരണയിലെത്താനുള്ള ഒരു മാർഗം കൂടിയാണ് പരസ്യങ്ങൾ. കഴിഞ്ഞയാഴ്‌ച ആപ്പിളിനെതിരെ മസ്‌ക് ചില വിവാദ പ്രസ്‌താവനകൾ നടത്തുകയും, ആപ്പ് സ്‌റ്റോറിലെ 30 ശതമാനം നികുതി നീക്കം ചെയ്‌തില്ലെങ്കിൽ പോരാട്ടത്തിന് ഇറങ്ങുമെന്ന് പറയുകയും ചെയ്‌തിരുന്നു.