ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയതായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവ് ട്വീറ്റിലൂടെ അറിയിച്ചു. പിതാവിന് വൃക്ക ദാനം ചെയ്ത ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയും ആരോഗ്യവതിയാണ്. 

പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആര്‍ജെഡി അധ്യക്ഷന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സിംഗപ്പൂരുളള  അദ്ദേഹത്തിന്റെ മകള്‍ രോഹിണി ആചാര്യ പിതാവിന് വൃക്ക നല്‍കാന്‍ തയ്യാറാകുകയായിരുന്നു. ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായി ഭോല യാദവ്, മകന്‍ തേജസ്വി യാദവ്, രാഷ്ട്രീയ ഉപദേഷ്ടാവ് സഞ്ജയ് യാദവ്, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവി, മൂത്ത മകള്‍ മിസ ഭാരതി എന്നിവരും അദ്ദേഹത്തോടൊപ്പം സിംഗപ്പൂരിലുണ്ട്.