വെന്റിലേറ്റർ പ്രവർത്തിക്കാഞ്ഞതിനെ തുടർന്ന് നാല് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം.  ഛത്തീസ്ഗഡിലെ അംബികാപൂർ മെഡിക്കൽ കോളേജിലാണ് സംഭവം. കുട്ടികളുടെ മരണത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്നാണ് വിവരം. രാത്രിയിൽ ആശുപത്രിയിൽ വൈദ്യുതി മുടങ്ങി. ഇതേതുടർന്ന് വെന്റിലേറ്റർ പ്രവർത്തനം നിലയ്ക്കുകയും നാല് കുട്ടികൾ മരിക്കുകയുമായിരുന്നു. പിന്നാലെ ആശുപത്രിയിൽ വലിയ സംഘർഷങ്ങളാണ് നടന്നത്.

സർഗുജ കളക്ടർ സ്ഥലത്തെത്തി അമ്മയും കുഞ്ഞും വാർഡിൽ പരിശോധന നടത്തി. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.  ആരോഗ്യമന്ത്രിയും റായ്പൂരിൽ നിന്ന് അംബികാപൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 4-5 മണിക്കൂറിനിടെ 4 കുട്ടികളാണ് മരിക്കുന്നത്.