വാഷിംഗ്ടൺ: അമേരിക്കൻ ഭരണഘടന റദ്ദാക്കണമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വഞ്ചന നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് എത്തിയിരിക്കുന്നത്. വൻ തട്ടിപ്പെന്ന് വിശേഷിപ്പിച്ചാണ് ഭരണഘടന റദ്ദാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഡെമോക്രാറ്റുകളും ടെക്‌നിക്കൽ കമ്പനികളും ചേർന്ന് ഗൂഢാലോചന നടത്തി 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ട്രംപ് ആരോപിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന് എതിരായ തെളിവുകൾ 2020ലെ തിരഞ്ഞെടുപ്പിന് തൊട്ട്മുൻപ് ട്വിറ്റർ പൂഴ്ത്തിയെന്ന വെളിപ്പെടുത്തൽ വിവാദമായി നിൽക്കെയാണ് ട്രംപിന്റെ ആരോപണം. 

തിരഞ്ഞെടുപ്പിൽ ബൈഡന് ദോഷം ചെയ്യുമായിരുന്ന തെളിവുകളാണ് ട്വിറ്റർ വിട്ടുകളഞ്ഞതെന്ന് ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. ‘ഇത്തരം ഭീമമായ തട്ടിപ്പ് നടത്താൻ സൗകര്യം ചെയ്ത് നൽകിയ ചട്ടങ്ങളും വകുപ്പുകളും എല്ലാം എടുത്ത് ദൂരെക്കളയണം, അത് ഭരണഘടനയായാൽ പോലും’ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ പറഞ്ഞു. 

ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ വൈറ്റ് ഹൗസും എത്തിയുരന്നു. ഭരണഘടനയെ നിന്ദിച്ച ട്രംപിനെ എല്ലാവരും അപലപിക്കേണ്ടതാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആത്മാവ് ആണെന്നും നിങ്ങൾ ജയിക്കുമ്പോൾ മാത്രം സ്‌നേഹിക്കാനുള്ളതല്ല അതെന്നും വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്‌സ് പറഞ്ഞു.