ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ പോളിംഗ് സ്‌റ്റേഷനിലെത്തിയാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 

‘ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഉത്സവം ജനങ്ങൾ അതിഗംഭീരമായി ആഘോഷിച്ചു. രാജ്യത്തെ ജനങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനേയും ഞാൻ അഭിനന്ദിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയ്ക്ക് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന, ഹാർദിക് പട്ടേൽ എന്നിവരും വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ നാരൻപുര പോളിംഗ് ബൂത്തിലെത്തിയാണ് അമിത് ഷാ വോട്ട് രേഖപ്പെടുത്തിയത്. 

ഗുജറാത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘യുവാക്കൾ, കർഷകർ, സ്ത്രീകൾ, എല്ലാ പൗരന്മാർക്കും നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും. ഗുജറാത്തിൽ ഞങ്ങൾ മാറ്റം കൊണ്ടുവരും. ഗുജറാത്തിലെ ജനങ്ങളോട് ഒരു അഭ്യർത്ഥനയുണ്ട്, വൻതോതിൽ വോട്ട് ചെയ്യുക. നിങ്ങളുടെ അവകാശങ്ങൾ വഹിക്കുന്നതിലൂടെ, സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനുമുള്ള ഈ സുപ്രധാന ഉത്തരവാദിത്തം നിറവേറ്റുക’ രാഹുൽ ഗാന്ധി പറഞ്ഞു. 

2.5 കോടി വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. ഒൻപത് മണി വരെ 4.6 ശതമാനമാണ് പോളിംഗ്. 833 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്, ബിജെപിയും ആം ആദ്മിയും കോൺഗ്രസും തമ്മിൽ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിൽ 93 സീറ്റുകളിലും ബിജെപിയും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിയും മത്സരിക്കുന്നു. കോൺഗ്രസ് 90 സീറ്റുകളിലും സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) രണ്ട് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി.