മിർപുർ (ബംഗ്ലദേശ്) : ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കെ.എൽ.രാഹുലിനെ നിയോഗിച്ചതിനു പിന്നാലെ, ഈ നീക്കം സൃഷ്ടിച്ച ആശയക്കുഴപ്പം പങ്കുവച്ച് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. ഏകദിന ലോകകപ്പ് ഒരു വർഷം അകലെ നിൽക്കെ, അവസരം കാത്തുനിൽക്കുന്ന സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർമാർക്കു പകരം കെ.എൽ.രാഹുലിനെ വിക്കറ്റ് കാക്കാൻ നിയോഗിച്ചതിനെയാണ് ഭോഗ്‍ലെ ചോദ്യം ചെയ്തത്. ഇഷാൻ കിഷൻ ടീമിൽ ഇടം കാത്തുനിൽക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയ നീക്കം ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.

‘‘അങ്ങനെ ഋഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും! വിക്കറ്റ് കീപ്പർമാർ അവസരം കാത്തു പുറത്തു നിൽക്കുമ്പോൾ കെ.എൽ.രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല’ – ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.