വാഷിങ്ടൺ: വടക്കൻ സിറിയയിലെ ഐ.എസ് വിരുദ്ധ സംയുക്ത സൈനിക നടപടിയിൽനിന്ന് പിൻവാങ്ങി അമേരിക്കൻ സേന. സിറിയയിലെ കുർദ് സൈനിക വിഭാഗത്തിനെതിരെ കരയുദ്ധം നടത്തുമെന്ന് തുർക്കി ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് തൽക്കാലം യു.എസിന്റെ പിന്മാറ്റം. കുർദ് വിഭാഗമായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സുമായി ചേർന്നായിരുന്നു യു.എസ് ഐ.എസ് വിരുദ്ധ പോരാട്ടം നടത്തിയിരുന്നത്.

സിറിയയിൽനിന്നുവന്ന റോക്കറ്റ് പതിച്ച് തുർക്കിയിൽ അപകടമുണ്ടായതിനെ തുടർന്നാണ് തുർക്കി സിറിയയിലെ കുർദുകളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുകയും കരയുദ്ധ മുന്നറിയിപ്പ് നൽകുകയും ചെയ്തത്. തുർക്കിയുടെ സൈനിക നീക്കം തീവ്രവാദത്തിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്നും തുർക്കിയെ നേരിടുന്ന എസ്.ഡി.എഫിന് ഐ.എസ് വിരുദ്ധ പോരാട്ടത്തിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്നും അമേരിക്കയുടെ നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.