ഹിജാബ് നിയമങ്ങൾ ഇറാൻ പരിഷ്‌കരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് പുതിയ തീരുമാനം. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇറാനിലെ നിർബന്ധിത ഹിജാബ് നിയമം. ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് സദാചാര പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം 22 കാരിയായ മഹ്‌സ അമിനി മരണപ്പെട്ടിരുന്നു. പിന്നാലെ സെപ്റ്റംബർ 16 മുതൽ ഇറാനിൽ പ്രതിഷേധം വ്യാപിച്ചു.

പ്രതിഷേധക്കാർ അവരുടെ ശിരോവസ്ത്രം കത്തിക്കുകയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും മുസ്ലീം പുരോഹിതന്മാരുടെ തലയിൽ നിന്ന് തലപ്പാവ് വലിച്ചെറിയുകയും മുടി മുറിയ്ക്കുകയും ചെയ്തു. നിയമത്തിന് എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ച് ‘പാർലമെന്റും ജുഡീഷ്യറിയും പരിശോധിക്കുകയാണ്’ എന്ന് ഇറാന്റെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരിയെ പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.

അവലോകന സംഘം ബുധനാഴ്ച പാർലമെന്റിന്റെ സാംസ്‌കാരിക കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഫലം കാണുമെന്നും അറ്റോർണി ജനറൽ പറഞ്ഞു. ഇറാന്റെ റിപ്പബ്ലിക്കൻ, ഇസ്ലാമിക് ഫൗണ്ടേഷനുകൾ ഭരണഘടനാപരമായി വേരൂന്നിയതാണെന്ന് പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു. എന്നാൽ ഭരണഘടന നടപ്പിലാക്കുന്നതിന് വഴക്കമുള്ള രീതികളുണ്ടെന്നും അദ്ദേഹം ടെലിവിഷൻ അഭിപ്രായങ്ങളിൽ പറഞ്ഞു.

യുഎസ് പിന്തുണയുള്ള രാജവാഴ്ചയെ അട്ടിമറിച്ച ഇസ്ലാമിക വിപ്ലവത്തിന് നാല് വർഷത്തിന് ശേഷം, 1983 ഏപ്രിലിൽ ഇറാനിലെ എല്ലാ സ്ത്രീകൾക്കും ഹിജാബ് ശിരോവസ്ത്രം നിർബന്ധമായി. മഹ്സ അമിനിയുടെ മരണത്തെ തുടർന്നുള്ള പ്രതിഷേധത്തിൽ 300-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഒരു ജനറൽ പറഞ്ഞിരുന്നു.