തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ടു എന്ന കേസില്‍ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി.  ആശ്രമത്തിന് തീയിട്ടത് സഹോദരൻ പ്രകാശാണെന്ന് ക്രൈം ബ്രാജിനു നൽകിയ മൊഴിയാണ് പ്രശാന്ത് മാറ്റിയിരിക്കുന്നത്. 

ആരാണ് തീയിട്ടതിന് പിന്നിലെന്ന് അറിയില്ല.  സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ പ്രശാന്ത് വ്യക്തമാക്കി. സഹോദരനായ പ്രകാശ് ആത്മഹത്യക്കു മുൻപ് താനാണ് തീയിട്ടതെന്നായിരുന്നു തന്നോട് പറഞ്ഞു എന്നായിരുന്നു ആദ്യ മൊഴി.

അഡീഷണൽ മജിസ്ട്രേറ്റിന് മുൻപിലാണ് പ്രശാന്ത് മൊഴി മാറ്റിയത്. അതേസമയം ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കേസിൽ പൊലീസിന് ഒരു തുമ്പും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ് പ്രശാന്തിന്‍റെ വെളിപ്പെടുത്തലോടെ ഇതിൽ നിർണായക വഴിത്തിരിവോടെ കേസിന്‍റെ ഗതി മാറുകയായിരുന്നു.

ക്രൈം ബ്രാഞ്ചിനെ പ്രതിക്കുട്ടിലാക്കുന്ന മൊഴിയാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2018 ഒക്ടോബർ 27 ന് ആണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തുന്നത്. ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.