എല്ലാ വർഷവും ഡിസംബർ 4ന് ഇന്ത്യൻ നാവികസേനയുടെ പങ്കാളിത്തം അംഗീകരിക്കുന്നതിനും, 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ ‘ഓപ്പറേഷൻ ട്രൈഡന്റ്’ വിജയത്തെ അനുസ്‌മരിക്കാനുമായി ഇന്ത്യ നാവിക ദിനം ആഘോഷിക്കുന്നു. ഇക്കുറി ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷിക ആഘോഷിച്ച വേളയിൽ ഇന്ത്യൻ നാവികസേന ഞായറാഴ്‌ച വിശാഖപട്ടണത്ത് അവരുടെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കാനുള്ള അഭ്യാസത്തിന് ഒരുങ്ങുകയാണ്.

ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ദ്രൗപതി മുർമു ചടങ്ങിൽ വിശിഷ്‌ടാതിഥിയാകും. നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പരമ്പരാഗതമായി, രാഷ്ട്രപതിയുടെയും മറ്റ് വിശിഷ്‌ട വ്യക്തികളുടെയും സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ വച്ചാണ് നാവിക സേനാ ദിനം ആഘോഷിക്കുന്നത്. ഈ വർഷമാണ് ആദ്യമായി രാജ്യതലസ്ഥാനത്തിന് പുറത്ത് നാവികസേനാ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ പടിഞ്ഞാറൻ, കിഴക്കൻ, ദക്ഷിണ നാവിക കമാൻഡുകളിൽ പ്രത്യേക വിഭാഗവും, കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ എന്നിവയും സേനയുടെ കഴിവും വൈദഗ്ധ്യവും പ്രദർശിപ്പിക്കും.

നാവികസേനാ ദിനാചരണം സൈന്യത്തിന്റെ പ്രവത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പൗരന്മാർക്കിടയിൽ സമുദ്ര അവബോധം സൃഷ്‌ടിക്കുന്നതിനും, ദേശീയ സുരക്ഷയ്ക്കായി നാവികസേനയുടെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനും വേണ്ടിയാണ് നടത്തുന്നത്.