കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്  ജാര്‍ഖണ്ഡ് ഖനന വകുപ്പ് മുന്‍ സെക്രട്ടറി പൂജ സിംഗാളിന്റെ 82.77 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) താല്‍ക്കാലികമായി കണ്ടുകെട്ടി. കണ്ടുകെട്ടിയ വസ്തുക്കളില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടുന്നുണ്ട്. 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ സിംഗാള്‍. റാഞ്ചിയിലെ പള്‍സ് ആശുപത്രി പൂജ സിംഗാളിന്റെ ഭര്‍ത്താവായ അഭിഷേകിന്റെ ഉടമസ്ഥതയിലുള്ളതാണ്. 

ജാര്‍ഖണ്ഡ് പോലീസും വിജിലന്‍സ് ബ്യൂറോയും രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം കേസുകളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക അന്വേഷണ ഏജന്‍സി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണം ആരംഭിച്ചത്. എംഎന്‍ആര്‍ഇജിഎ കുംഭകോണത്തില്‍ നിന്ന് കമ്മീഷനുകളുടെ രൂപത്തില്‍ ലഭിച്ച വരുമാനം പൂജ സിംഗാളിന്റെയും അവളുടെ ബന്ധുക്കളുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതായി ഏജന്‍സി കണ്ടെത്തി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് സിംഗാള്‍ കോടികള്‍ സമ്പാദിച്ചതെന്ന് ഏജന്‍സി പറഞ്ഞു.

”തുടക്കത്തില്‍, എംഎന്‍ആര്‍ഇജിഎ അഴിമതിയില്‍ നിന്നാണ് പണം സമ്പാദിച്ചത്. പിന്നീട് സിംഗാള്‍ മറ്റ് അനധികൃത മാര്‍ഗങ്ങളിലൂടെയും പണം സമ്പാദിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന കേസിലും പൂജ പ്രതിയാണ്.” ഇഡി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

മെയ് 11-ന് പൂജ സിംഗാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. സിംഗാളിനെതിരെ നടപടിയെടുക്കുന്നത് പരിഗണിക്കുന്നതിനായി സംസ്ഥാനത്തിന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 66 (2) പ്രകാരം അവളുടെ അഴിമതിയുടെ തെളിവുകള്‍ ജാര്‍ഖണ്ഡ് സര്‍ക്കാരുമായി പങ്കിട്ടുവെന്നും ഇഡി പറഞ്ഞു. 

പൂജ സിംഗാള്‍ അടക്കം കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.