രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു കരകൗശല കയറ്റുമതിക്കാരിൽ നിന്ന് ഓൺലൈൻ തട്ടിപ്പ് സംഘം കരസ്ഥമാക്കിയത് 16 കോടിയിലധികം രൂപ. തട്ടിപ്പ് സംഘത്തിന്റെ ഇരയായ അദ്ദേഹത്തിന് തന്റെ അധ്വാനത്തിലൂടെ ഉണ്ടാക്കിയ 16 കോടി 26 ലക്ഷം രൂപയാണ് ഒറ്റയടിക്ക് നഷ്‌ടമായത്. പാവോട നിവാസിയായ അരവിന്ദ് കലാനിയെന്ന ഒരു കരകൗശല കയറ്റുമതിക്കാരനെയാണ് വൻ ലാഭം വാഗ്‌ദാനം ചെയ്‌ത്‌ സൈബർ കൊള്ളക്കാർ തട്ടിപ്പിന് ഇരയാക്കിയത്.

ഒക്ടോബറിൽ ഇസ്ല എന്ന സ്ത്രീ കലാനിയോട് വാട്ട്‌സ്ആപ്പ് വഴി ഓൺലൈൻ ട്രേഡ് കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇവർക്ക് ഒരു വെബ്‌സൈറ്റ് ഉണ്ടെന്ന് പറയുകയും ചെയ്‌തു. ഇത് വഴിയാണ് തന്റെ പ്രവർത്തനമെന്നും കലാനിയെ വിശ്വസിപ്പിക്കുകയായിരുന്നു. കച്ചവടത്തിൽ ടിപ്പിന് പകരം നാൽപ്പത് ശതമാനം കമ്മീഷൻ നൽകണമെന്ന് കലാനി ഇവരോട് ആവശ്യപ്പെടുകയായിരുന്നു. 

തുടർന്ന് ഈ തുക നൽകാമെന്ന് സമ്മതിച്ച അവർ ഇത് അക്കൗണ്ടിലൂടെ അന്നന്ന് തന്നെ നൽകാമെന്ന് വാഗ്‌ദാനവും ചെയ്‌തു. കൂടാതെ ഇയാൾക്ക് ലഭിക്കുന്ന ലാഭം വാലറ്റിൽ നിലനിൽക്കുമെന്നും, അത് ഒരു നിശ്ചിത സമയത്തിനും പരിധിക്കും ഉള്ളിൽ ലഭ്യമാകുമെന്നും പറഞ്ഞു. ഇതിന് ശേഷം കലാനി ഇവരുമായി ഇടപാട് വർദ്ധിപ്പിച്ചു. ആദ്യഘട്ടത്തിൽ ഇയാൾക്ക് നിക്ഷേപത്തിന് ശേഷം വാഗ്‌ദാനം ചെയ്‌തത്‌ പോലെ നാൽപ്പത് ശതമാനം കമ്മീഷൻ അക്കൗണ്ടിൽ വന്നിരുന്നു.

പിന്നീട് പലപ്പോഴായി ഇവരുമായുള്ള ഇടപാടിന്റെ ഭാഗമായി കമ്മീഷൻ തുക ഡോളറായി തന്നെ കലാനിയുടെ വാലറ്റിൽ എത്തിയെന്ന് ഇവർ വിശ്വസിപ്പിച്ചു. തുടർന്ന് ഇയാൾ ഇടപടിനായി അൻപത് ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇതിനും നാൽപ്പത് ശതമാനം കമ്മീഷൻ ഇയാൾക്ക് ലഭിച്ചുവെന്നാണ് പറയുന്നത്. 

നവംബർ 21 ആവുമ്പഴേക്കും കലാനിയുടെ അക്കൗണ്ടിൽ കമ്മീഷനായി എത്തിയത് ഏകദേശം 49 കോടിയോളം രൂപയായിരുന്നു. എന്നാൽ ഈ തുക പിൻവലിക്കാൻ ഉടൻ കഴിയില്ലെന്ന് സംഘം ഇയാളോട് പറഞ്ഞു. ഇതിനായി അഞ്ച് കോടി രൂപ കൂടി നിക്ഷേപിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ കലാനി ഇത് നിരസിച്ചതോടെ സംഘം ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ പോലീസിനെ സമീപിച്ചത്.

ഇരയുടെ പരാതിയിൽ ജോധ്പൂർ പോലീസ് കമ്മീഷണറേറ്റിലെ സൈബർ സെൽ എസിപി മംഗിലാൽ റാത്തോഡാണ് കേസ് അന്വേഷിക്കുന്നത്. നിരവധി പേരെ സമാന രീതിയിൽ തട്ടിപ്പ് സംഘം ഇരകളാക്കിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസിപി റാത്തോഡ് പറഞ്ഞു. അതേസമയം, കലാനി നിക്ഷേപം നടത്തിയ അക്കൗണ്ട് നിലവിൽ ബാങ്ക് പിടിച്ചു വച്ചിരിക്കുകയാണ്. ഏകദേശം 810 കോടിയോളം രൂപയാണ് നിലവിൽ ഈ അക്കൗണ്ടിൽ ഉള്ളതെന്നാണ് സൂചന.