ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഖാർഗെയുടെ രാവണ പരിഹാസത്തിന് മറുപടിയുമായാണ് പ്രധാനമന്ത്രി എത്തിയിരിക്കുന്നത്. ‘മോദിയ്ക്ക് വേണ്ടി ആരാണ് ഏറ്റവും മോശമായ വാക്കുകൾ പ്രയോഗിക്കുന്ന എന്നതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ മത്സരമുണ്ട്’എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ കലോൽ ടൗണിൽ നടന്ന തിരഞ്ഞെടുപ്പ് റാലിലെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ശ്രീരാമന്റെ അസ്തിത്വത്തിൽ ഒരിക്കലും വിശ്വസിക്കാത്തവർ ഇപ്പോൾ രാമായണത്തിൽ നിന്ന് രാവണനെ കൊണ്ടുവന്നു. എന്നെ അത്ഭുതപ്പെടുത്തുന്നു. അത്തരം മോശം വാക്കുകൾ എനിക്കായി ഉപയോഗിച്ചതിന് ശേഷം അവർ ഒരിക്കലും പശ്ചാത്താപം പ്രകടിപ്പിച്ചില്ല, മാപ്പ് പറഞ്ഞതുമില്ല’ പ്രധാനമന്ത്രി പറഞ്ഞു.

‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു മോദിയ്ക്ക് നായയുടെ മരണമാകുമെന്ന്, മറ്റൊരാൾ പറഞ്ഞു മോദിയ്ക്ക് ഹിറ്റ്‌ലറുടെ മരണമെന്ന്, മറ്റൊരാൾ പറഞ്ഞു, എനിക്ക് അവസരം ലഭിച്ചാൽ ഞാൻ തന്നെ മോദിയെ കൊല്ലുമെന്ന് രാവണന്റെ പേര് പറയുന്നു, ആരോ രാക്ഷസന്റെ പേര് പറയുന്നു, ആരോ പറയുന്നു പാറ്റയെന്ന്..’ പ്രധാനമന്ത്രി പറഞ്ഞു.

‘കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിലും എംഎൽഎ തെരഞ്ഞെടുപ്പുകളിലും എംപി തെരഞ്ഞെടുപ്പുകളിലും എല്ലായിടത്തും മോദിയുടെ മുഖം ഞങ്ങൾ കാണുന്നു, നിങ്ങൾക്ക് രാവണനെപ്പോലെ 100 തലകളുണ്ടോ’ എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. ഖാർഗെയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമർശനം. 

കോൺഗ്രസ് രാമഭക്തനെ അംഗീകരിക്കുന്നില്ലെന്നും രാമക്ഷേത്രത്തിലും രാമസേതുവിലും വിശ്വസിക്കുന്നില്ലെന്നും നമുക്ക് എല്ലാവർക്കും അറിയാമെന്നും മോദി പറഞ്ഞു. ‘കോൺഗ്രസ് എന്നെ ചീത്തവിളിക്കുന്നതിൽ എനിക്ക് അത്ഭുതമില്ല. എന്നാൽ ഇതിന് ശേഷം കോൺഗ്രസ് ഖേദിക്കാത്തതിൽ ഞാൻ അത്ഭുതപ്പെടുന്നു. അദ്ദേഹം (ഖർഗെ) രോഷത്തോടെയായിരിക്കണം ഇത് പറഞ്ഞത്. ഒരു കുടുംബത്തെ പ്രീണിപ്പിക്കുന്നത് കോൺഗ്രസിൽ ഫാഷനായി മാറിയിരിക്കുകയാണ്. മോദിയെ ആരാണ് അധിക്ഷേപിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ മത്സരമുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.