ഡെറാഡൂൺ: മതപരിവർത്തനത്തിനെതിരായ ബിൽ പാസാക്കി ഉത്തരാഖണ്ഡ് സർക്കാരും. ബുധനാഴ്ച പാസാക്കിയ ബില്ലിൽ നിയമവിരുദ്ധമായ മതപരിവർത്തനം ജാമ്യമില്ലാ കുറ്റമാണ്. മൂന്ന് മുതൽ പത്ത് വർഷം വരെ തടവും ഇതിന് ലഭ്യമാകും. ഉത്തർപ്രദേശിന് പിന്നാലെയാണ് ഉത്തരാഖണ്ഡും മതപരിവർത്തനത്തിനെതിരായ ബില്ല് പാസാക്കുന്നത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ സംസ്ഥാനത്തെ താമസക്കാരായ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം അനുവദിക്കുന്ന ബില്ലും പാസാക്കി.

ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമം 2022 പ്രകാരം ഭയത്തിന്റെ നിഴലിൽ നിർത്തിയും പ്രലോഭനത്തിലൂടെയും വഞ്ചനാപരമായ മർഗ്ഗങ്ങളിലൂടെയും നടത്തുന്ന മതപരിവർത്തനത്തിന്റെ ഗൂഢാലോചനകൾക്കെതിരായ തീരുമാനമാണിതെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ മാസമാണ് ഉത്തരാഖണ്ഡ് തീരുമാനിച്ചത്. നിലവിലുണ്ടായിരുന്ന നിയമത്തിന്റെ ചില പോരായ്മകൾ നീക്കാനാണ് പുതിയ നിയമമെന്ന് ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു. 

2020 നവംബറിൽ ഉത്തർപ്രദേശ് ഗവർണർ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ഒരു ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇത് 2021 മാർച്ചിൽ നിയമമാവുകയും ചെയ്തു. ഈ നിമയമാണ് സർക്കാർ ഭേദഗതി ചെയ്തത്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് പിഴ ചുമത്തുന്നതിന് പുറമെ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെയായിരുന്നു ശിക്ഷ. മതപരിവർത്തനത്തിലേർപ്പെടുന്നവർക്ക് 50000 രൂപ പിഴയും മതപരിവർത്തനത്തിന് ഇരയാകേണ്ടി വന്നവർക്ക് അഞ്ച് ലക്ഷം വരെ നഷ്ടപരിഹാരം നൽകാനും ഭേദഗതിയിൽ നിർദ്ദേശിക്കുന്നുണ്ട്.