തിരുട്ടണി: തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി ടൗണില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്ന ദ്രാവിഡ മുന്നേറ്റ കഴകം മന്ത്രി, അബദ്ധത്തില്‍ മൈക്ക് തള്ളി താഴെയിട്ടതിന്റെ പേരില്‍ പ്രകോപിതനാവുകയും ഡിഎംകെ പ്രവര്‍ത്തകനെ കൈക്കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

ഡിഎംകെ സര്‍ക്കാരിലെ ക്ഷീര വികസന മന്ത്രി എസ്.എം നാസറാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന നേതാവ്. തിരുട്ടണി എംഎല്‍എ എസ് ചന്ദ്രനാണ് അദ്ദേഹത്തെ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. പാര്‍ട്ടിക്ക് ശക്തമായ പ്രത്യയശാസ്ത്രമുള്ളതിനാല്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ധൈര്യമായി നടക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് മന്ത്രി തീപ്പൊരി പ്രസംഗം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. 

ദക്ഷിണേന്ത്യക്കാരെ അപേക്ഷിച്ച് ഉത്തരേന്ത്യക്കാര്‍ക്ക് വിവിധ പദവികള്‍ നല്‍കുന്നുണ്ടെന്നും തമിഴ് സംസ്‌കാരത്തെ തകര്‍ക്കാന്‍ നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണെന്നും മന്ത്രി നാസര്‍ ആരോപിച്ചു.

പ്രസംഗത്തിനിടെ എം.എല്‍.എയുടെ സഹായി സതീഷ് വേദിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ മൈക്കിന്റെ ചുവട്ടില്‍ ചവിട്ടുകയായിരുന്നു. ഇതോടെ മന്ത്രി സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് നിലത്തേക്ക് വീണു. ക്ഷുഭിതനായ മന്ത്രി പുറകോട്ട് തിരിഞ്ഞ് മുഷ്ടി ഉപയോഗിച്ച് സതീഷിന്റെ ദേഹത്ത് മര്‍ദ്ദിക്കുകയായിരുന്നു. ശേഷം പ്രസംഗം തുടരുകയും ചെയ്തു.